വിനാശകാരി ‘നൈട്രൊസെപാം’; ലക്ഷ്യം കോളജ് വിദ്യാർഥികളും യുവതികളും, തുടയിൽ‌ കെട്ടിവച്ച് കടത്തുന്ന നീഗ്രോ സുരേഷ് പിടിയിൽ

ഒട്ടേറെ കേസുകളിൽ പ്രതിയും നഗരത്തിലെ ലഹരി വിതരണക്കാരിൽ ഒരാളുമായ നീഗ്രോ സുരേഷ് എന്ന സുരേഷ് ബാലൻ (39) മാരകമായ നൈട്രൊസെപാം ഗുളികകളുമായി വീണ്ടും പിടിയിൽ. 34.30 ഗ്രാം വരുന്ന 64 ഗുളികകളാണ് ഡാൻസാഫ് സംഘം പിടിച്ചെടുത്തത്. കടവന്ത്ര ഉദയ കോളനിയിലുള്ള വീട്ടിൽ നിന്നാണ് സുരേഷ് പിടിയിലായത്. കഴിഞ്ഞ വര്‍ഷവും നൈട്രൊസെപാം ഗുളികകളുമായി സുരേഷ് അറസ്റ്റിലായിരുന്നു.

അമിത ഭയം, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആശ്വാസം നൽകുന്നതാണ് നൈട്രൊസെപാം ഗുളികകൾ. ഇത് 20 ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കഴിഞ്ഞ നവംബറിൽ സുരേഷിൽ നിന്ന് 22.405 ഗ്രാം നൈട്രൊസെപാം ഗുളികകൾ കണ്ടെടുത്തിരുന്നു. വെറും 5 രൂപയ്ക്ക് ലഭിക്കുന്ന ഈ ഗുളിക 250–300 രൂപ വരെ വിലയ്ക്കാണ് ഇയാൾ വിൽക്കുന്നത് എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കോളജ് വിദ്യാർഥികളും ഹോസ്റ്റലുകളിൽ താമസിക്കുന്ന യുവതീയുവാക്കളുമാണ് സുരേഷിൽനിന്ന് ഇവ കൂടുതലും വാങ്ങുന്നതെന്നും പൊലീസ് പറയുന്നു.

ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ലഭിക്കാത്ത ഈ ഗുളിക മറ്റു സംസ്ഥാനങ്ങളിൽനിന്ന് കടത്തിക്കൊണ്ടു വരുന്നതാണെന്ന് പൊലീസ് പറയുന്നു. കോയമ്പത്തൂരിൽനിന്ന് തുടയിൽ കെട്ടിവച്ചാണ് ഇവ കടത്തിയിരുന്നത് എന്ന് കഴിഞ്ഞ തവണ അറസ്റ്റിലായപ്പോൾ സുരേഷ് വെളിപ്പെടുത്തിയിരുന്നു. സുരേഷിനെതിരെ വിവിധ സ്റ്റേഷനുകളിൽ മോഷണം, അടിപിടി, ഭവനഭേദനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളുണ്ട്. 100ലേറെ ലഹരിമരുന്ന് ഇൻജക്ഷൻ ഐപി ആംപ്യൂളുകളുമായും ഇയാൾ മുൻപ് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയും സുരേഷിനെ തടവിലാക്കിയിരുന്നു. നേരത്തേ വ്യാജ കുറിപ്പടികൾ നൽകി നൈട്രൊസെപാം അടക്കം ഈ വിഭാഗത്തിൽപ്പെടുന്ന ഗുളികകൾ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് വാങ്ങുന്നത് വ്യാപകമായിരുന്നു. പരിശോധനകൾ കടുപ്പിച്ചതോടെയാണ് ഇത് ഇല്ലാതായത്. ഷെഡ്യൂൾഡ് എച്ച്1 വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ മരുന്ന് എല്ലാ മെഡിക്കൽ സ്റ്റോറുകളിലും ലഭ്യമല്ല. മരുന്ന് കുറിക്കുന്ന ഡോക്ടറുടെ കൈവശവും വിൽക്കുന്ന മെഡിക്കൽ സ്റ്റോറുകളിലും വാങ്ങുന്നയാളിന്റെ പക്കലും ഉണ്ടായിരിക്കേണ്ട ട്രിപ്പിൾ പ്രിസ്ക്രിപ്ഷൻ വഴി മാത്രമേ ഇവ നിയമപരമായി ലഭ്യമാകൂ. ഡോക്ടറുടെ നിർദേശമില്ലാതെ കഴിച്ചാൽ രക്തസമ്മർദം കൂടാനും ഹൃദയാഘാതം വരെ സംഭവിക്കാനുമൊക്കെ സാധ്യതയുള്ള മരുന്നാണ് ഇത്.

Comments (0)
Add Comment