പുൽപ്പള്ളി വ്യാജക്കേസിൽ ആരോപണവിധേയനായ പഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ജോസ് നെല്ലേടമാണ് മരിച്ചത്. വീടിനടുത്തെ കുളത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാജ കേസിൽ കുടുങ്ങിയ തങ്കച്ചൻ അഗസ്റ്റിൻ തനിക്കെതിരായ കേസിന് പിന്നിൽ ജോസ് നെല്ലേടവും ഡിസിസി നേതാക്കളുമാണെന്ന് പറഞ്ഞിരുന്നു. വയനാട്ടിലെ ഗ്രൂപ്പ് തർക്കത്തിന് ഇരയാണ് ജോസെന്ന് ബിജെപി ആരോപിച്ചു.
രണ്ട് ദിവസം മുൻപ് ജോസ് നെല്ലേടം റിപ്പോർട്ടറിനോട് സംസാരിച്ചിരുന്നു. ജനപ്രതിനിധി എന്ന നിലയിൽ ലഭിച്ച സന്ദേശം പൊലീസ് കൈമാറുക മാത്രമാണ് ചെയ്തതെന്നും നിജസ്ഥിതി കണ്ടെത്തേണ്ടിയിരുന്നത് പൊലീസാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ഫോടക വസ്തു കേസിനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലെന്നും ജോസ് നെല്ലേടം പറഞ്ഞിരുന്നു.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന് സമീപത്തുനിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.