മാനന്തവാടി:തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല ആറാം നമ്പറിലെ താമസക്കാരനായ മുരുകന്‍ (65) സമീപത്തെ റിസോര്‍ട്ടില്‍ ജോലിക്ക് പോകുന്നതിനിടെ റോഡരികില്‍ വെച്ചാണ് കേസിലെ ഒന്നാം പ്രതി മക്കിമല സ്വദേശികളായ മുരുകേശനും (51) സഹോദരന്‍ പുഷ്പരാജന്‍ (54) എന്ന കണ്ണനും ചേര്‍ന്ന് ഇരുമ്പ് കമ്പി ഉള്‍പ്പെടെ ഉപയോഗിച്ച് ആക്രമിച്ചത്,മുരുകന്റെ ഇരുകാലുകള്‍ക്കും, കൈക്കും മര്‍ദ്ദനത്തില്‍ പൊട്ടലേറ്റു,കമ്പി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഇയാളുടെ ശരീരത്തിന്റെ പുറകില്‍ ക്ഷതമേറ്റിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍, പേഴ്‌സ്,പണം എന്നിവയും നഷ്ട്ടപ്പെട്ടു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത തലപ്പുഴ പോലീസ് പുഷ്പരാജിനെ കസ്റ്റഡിയിലെടുത്തു, ഒന്നാം പ്രതി മുരുകേശന്‍ ഒളിവിലാണ് ഇയാള്‍ തലപ്പുഴ പോലീസിന്റെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളും അടിപിടി ഉള്‍പ്പെടെ 7 കേസുകളില്‍ പ്രതിയുമാണ്. മുരുകന്റെ സമീപവാസിയും വിധവയും അര്‍ബുദ രോഗിയുമായ കാവേരിയും ഭര്‍തൃമാതാവ് സെവനമ്മയും താമസിക്കുന്ന സ്ഥലം മുരുകേശന്‍ കൈയ്യേറാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് തലപ്പുഴ പോലീസില്‍ പരാതി നല്‍കിയതായും നിരവധി തവണ മുരുകേശന്‍ സ്ഥലത്തെത്തി കാവേരിയെയും മാതാവിനെയും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, ഈ കുടുംബത്തിന് അനൂകൂല നിലപാട് സ്വീകരിച്ചതാണ് മുരുകനെ ആക്രമിക്കാന്‍ കാരണമായതെന്നും സാമൂഹ്യ പ്രവര്‍ത്തകയായ മേഴ്‌സി വര്‍ക്കി പറഞ്ഞു.