എന്തിനാണ് ഇവരെ മുഖംമൂടി ധരിപ്പിച്ചത്? കെഎസ്‌യു പ്രവർത്തകരെ ഹാജരാക്കിയ പൊലീസിനോട് ചോദ്യങ്ങളുന്നയിച്ച് കോടതി

തൃശൂർ∙ കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് ഹാജരാക്കിയതിനെതിരെ കോടതി. എസ്എഫ്ഐ–കെഎസ്‌യു സംഘർ‌ഷത്തിലെ പ്രതികളായ കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂർ, ജില്ലാ കമ്മിറ്റി അംഗം അൽഅമീൻ, കിള്ളിമംഗലം ആർട്സ് കോളജ് യൂണിറ്റ് പ്രസിഡന്റ് കെ.എ.അസ്‌ലം എന്നിവരെയാണ് പൊലീസ് മുഖംമൂടി ധരിപ്പിച്ച് വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.

എന്തിനാണ് ഇവരെ മുഖംമൂടി ധരിപ്പിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു. തിരിച്ചറിയൽ പരേഡ് ഉള്ളതിനാലാണ് മുഖംമൂടി ധരിപ്പിച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഒരുമാസം മുൻപ് നടന്ന എസ്എഫ്ഐ–കെഎസ്‌യു സംഘര്‍ഷത്തെ തുടർന്ന് ഒളിവിലായിരുന്നു മൂന്നു പ്രതികളും. വിവിധ ഇടങ്ങളിൽനിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. ഗണേഷിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചിരുന്നു. തുടർന്ന് നടന്ന എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ മൂന്നു എസ്എഫ്ഐ പ്രവർത്തകർക്കും ചില കെഎസ്‌യു പ്രവർത്തകർക്കും പരുക്കേറ്റു. ഇതിനെ തുടർന്നാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തത്.

Comments (0)
Add Comment