വാഷിങ്ടൻ∙ പലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരം നിർദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ. യുഎൻ പൊതുസഭയിൽ ഫ്രാൻസ് കൊണ്ടുവന്ന പ്രമേയത്തിനെയാണ് ഇന്ത്യ അനുകൂലിച്ചത്. ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുക വഴി പലസ്തീൻ പ്രശ്നം പരിഹരിക്കാമെന്ന ന്യൂയോർക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയമാണ് ഫ്രാൻസ് പൊതുസഭയിൽ അവതരിപ്പിച്ചത്. പ്രമേയത്തെ ഇന്ത്യയുൾപ്പെടെ 142 രാജ്യങ്ങൾ അനുകൂലിച്ചു. എന്നാൽ ഇസ്രയേൽ, അമേരിക്ക, അർജന്റീന, ഹംഗറി തുടങ്ങിയ പത്ത് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു.
അതേസമയം പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തത് ഗാസയിലെ മുൻ നിലപാടിൽ നിന്നുള്ള വ്യക്തമായ മാറ്റമായി. അടുത്തകാലത്തായി യുഎൻ പൊതുസഭയിൽ ഗാസ വിഷയം വോട്ടിനുവരുമ്പോൾ വിട്ടുനിൽക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നാലു വട്ടം ഇത്തരത്തിൽ ഗാസ വിഷയത്തിൽ ഇന്ത്യ വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നിരുന്നു. ഫ്രാൻസ് മുന്നോട്ടുവച്ച പ്രമേയത്തെ ഗൾഫിലെ അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി പിന്തുണച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, നിലവിലെ ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് സമാധാനപരവും ശാശ്വതവുമായ പരിഹാരം ഉണ്ടാവണമെന്നും മേഖലയിലെ എല്ലാ ജനവിഭാഗങ്ങൾക്കും മികച്ച ഭാവിയുണ്ടാകാനും ഉതകുന്ന നടപടികൾ സ്വീകരിക്കാനും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന പ്രമേയം ആഹ്വാനം ചെയ്യുന്നു.