ലണ്ടൻ: യുകെയിൽ സിഖ് യുവതിയെ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഓൾഡ്ബറിയിലെ ടെയിം റോഡിന് സമീപമായിരുന്നു സംഭവം.
ഇരുപത് വയസ്സുള്ള യുവതിയാണ് ബലാത്സംഗത്തിരയായതെന്നും തദ്ദേശീയരായ രണ്ട് പുരുഷന്മാരാണ് ഇവരെ ആക്രമിച്ചതെന്നുമാണ് റിപ്പോർട്ട്. യുവതിയോട്, സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ ഇവർ ആക്രോശിക്കുകയും ചെയ്തു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ഫോറൻസിക് പരിശോധനകൾ നടത്തുകയും ചെയ്യുന്നുണ്ട്. യുവതി ബലാത്സംഗത്തിനിരയായ സംഭവം പ്രദേശത്തെ സിഖ് സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. വംശീയലക്ഷ്യത്തോടെയുള്ള ആക്രമണം എന്ന നിലയ്ക്കാണ് അവർ സംഭവത്തെ നോക്കിക്കാണുന്നത്.
അതേസമയം, സിഖ് സമൂഹത്തിന്റെ രോഷത്തെ പൂർണമായി മനസ്സിലാക്കുന്നുവെന്നും പ്രദേശത്ത് പട്രോളിങ് വർധിപ്പിക്കുമെന്നും ഒരു മുതിർന്ന പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ ഉറപ്പുനൽകിയിട്ടുണ്ട്.