ലേണേഴ്സ് ടെസ്റ്റ്: ചോദ്യങ്ങളും സമയവും കൂട്ടി; ഡ്രൈവിങ് സ്കൂളുകാർക്കും പരീക്ഷ

തിരുവനന്തപുരം ∙ ഡ്രൈവിങ് ലൈസന്‍സന് മുന്നോടിയായുള്ള ലേണേഴ്‌സ് ഓണ്‍ലൈന്‍ ടെസ്റ്റിന്റെ മാതൃക ഒക്‌ടോബര്‍ 1 മുതല്‍ മാറുന്നു. ചോദ്യങ്ങളുടെ എണ്ണം 30 ആക്കി. ഉത്തരം നൽകാനുള്ള സമയവും കൂട്ടി 30 സെക്കൻഡ് ആക്കി. ഡ്രൈവിങ് സ്കൂൾ പരിശീലകർ‌ക്കും പരീക്ഷയുണ്ട്. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും ബാധകം.

മാറ്റങ്ങൾ ഇവയാണ്.

1. ഒക്‌ടോബര്‍ 1 മുതല്‍ 30 ചോദ്യങ്ങളാവും ഉണ്ടാകുക. നിലവില്‍ 20 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളാണുള്ളത്. കുറഞ്ഞത് 18 ചോദ്യങ്ങള്‍ക്കെങ്കിലും ശരിയുത്തരം നല്‍കണം.

2. ഓരോ ചോദ്യത്തിനും 30 സെക്കന്‍ഡിനുള്ളില്‍ ഉത്തരം നല്‍കുകയും വേണം. നിലവില്‍ 20ല്‍ 12 ചോദ്യങ്ങള്‍ക്കെങ്കിലും ശരിയുത്തരം നല്‍കണമായിരുന്നു. 15 സെക്കന്‍ഡായിരുന്നു ഓരോ ചോദ്യത്തിനും ഉത്തരം നല്‍കാനുള്ള സമയപരിധി. ഇതാണ് 30 സെക്കന്‍ഡ് ആക്കിയിരിക്കുന്നത്.

3. പുതിയ എംവിഡി ലീഡ്‌സ് മൊബൈല്‍ ആപ്പില്‍ സിലബസ് ഉണ്ടാകും. പരിശീലന പരീക്ഷ എഴുതാനുളള സൗകര്യവും ആപ്പിലുണ്ടാകും. ആപ്പിലെ മോക്ക് ടെസ്റ്റുകള്‍ വിജയിക്കുന്നവര്‍ക്ക് റോഡ് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യവും ഗതാഗതവകുപ്പ് ആലോചിക്കുന്നുണ്ട്.

4. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളില്‍ കണ്‍സഷന്‍ ലഭിക്കുന്ന സൗകര്യവും ഏര്‍പ്പെടുത്തും.

5. മോട്ടര്‍ ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ എംവിഡി ലീഡ്‌സ് ആപ്പ് പരീക്ഷ പാസാകണമെന്നതു നിര്‍ബന്ധമാക്കും.

6. കൂടാതെ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസാകണം. സര്‍വീസ് ആനുകൂല്യങ്ങളെ ഇതു ബാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Comments (0)
Add Comment