‘ഇന്ത്യൻ മിസൈലുകൾ തകർത്തത് 11 പാക്ക് വ്യോമതാവളങ്ങൾ; പാക്കിസ്ഥാൻ യുഎസിന്റെയും സൗദിയുടെയും സഹായം തേടി’

ന്യൂഡൽഹി∙ മേയ് 10ന് ഇന്ത്യ പാക്കിസ്ഥാന്റെ 11 വ്യോമതാവളങ്ങൾ കൃത്യമായി ആക്രമിച്ചുവെന്നും ഇന്ത്യയുടെ ഒരു മിസൈലിനെയും പാക്ക് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് തടയാൻ കഴിഞ്ഞില്ലെന്നും ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലെഫ്റ്റനന്റ് ജനറൽ കെ.ജെ.എസ്. ധില്ലന്റെ (റിട്ട.) പറഞ്ഞു.

“മേയ് 10ന്, ഇന്ത്യ 11 പാക്ക് വ്യോമതാവളങ്ങൾ ആക്രമിച്ചപ്പോൾ, നമ്മുടെ ഒരു മിസൈൽ പോലും പാക്കിസ്ഥാൻ വ്യോമ പ്രതിരോധത്തിന് തടയാൻ കഴിഞ്ഞില്ല. പാക്കിസ്ഥാൻ വ്യോമസേനയുടെ ഒരു വിമാനത്തിനും പറന്ന് നമ്മുടെ ആയുധങ്ങളെ പ്രതിരോധിക്കാൻ സാധിച്ചില്ല – അതാണ് വിജയം” – കെ.ജെ.എസ്. ധില്ലൻ എഎൻഐയോട് പറഞ്ഞു.

പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ഇന്ത്യൻ ആയുധങ്ങളെ തടയാൻ കഴിയില്ലെന്ന് മനസ്സിലാക്കി, ഇതോടെ മേയ് 10ന് വൈകുന്നേരം 3.35ന് ഇന്ത്യയുടെ ഡിജിഎംഒയെ ബന്ധപ്പെട്ട് അവരുടെ ഡിജിഎംഒ വെടിനിർത്തലിനായി അപേക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം കക്ഷി മധ്യസ്ഥതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാടിന് വിരുദ്ധമായി പാക്കിസ്ഥാൻ യുഎസ്, സൗദി അറേബ്യ തുടങ്ങി രാജ്യങ്ങളുടെ മധ്യസ്ഥത തേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“പാക്കിസ്ഥാൻ ഡിജിഎംഒ നമ്മുടെ ഡിജിഎംഒയെ വിളിച്ച് അക്ഷരാർഥത്തിൽ വെടിനിർത്തലിനായി യാചിച്ചു – അതാണ് നമ്മുടെ വിജയം. അവർ യുഎസിലേക്കും സൗദി അറേബ്യയിലേക്കും മധ്യസ്ഥതയും വെടിനിർത്തലും ആവശ്യപ്പെട്ട് ഓടി – അതാണ് ഇന്ത്യയുടെ വിജയം” എന്ന് ലെഫ്റ്റനന്റ് ജനറൽ കെ.ജെ.എസ്. ധില്ലൻ പറഞ്ഞു.

ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാക്ക് വ്യോമതാവങ്ങൾ ആക്രമിച്ചു. പാക്കിസ്ഥാൻ, പാക്ക് അധീന ജമ്മു കശ്മീർ (പിഒജെകെ) എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ കൃത്യമായ ആക്രമണമാണ് നടത്തിയത്.

Comments (0)
Add Comment