കല്‍പ്പറ്റ: വയനാട് ചുരം റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, നിര്‍ദിഷ്ട വയനാട് ബൈപ്പാസ് ( ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ) യാഥാര്‍ഥ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി നടത്തുന്ന ജനകീയ സമര ജാഥ സെപ്തംബര്‍ 16 ചൊവ്വാഴ്ച്ച ആരംഭിക്കും. ആദ്യദിനം വയനാട്ടിലും രണ്ടാമത്തെ ദിവസം കോഴിക്കോട് ജില്ലയിലും ജാഥ പര്യടനം നടത്തും. ചൊവാഴ്ച്ച രാവിലെ 9.30 ന് സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് ജാഥയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. എഴുത്ത്കാരന്‍ ഒ.കെ. ജോണി മുഖ്യാതിഥിയാകും.
ജാഥയ്ക്ക് 11 മണിക്ക് ബീനാച്ചിയിലും 11.30 ന് മീനങ്ങാടിയിലും സ്വീകരണം നല്‍കും മീനങ്ങാടിയിലെ സ്വീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ . വിനയന്‍ ഉദ്ഘാടനം ചെയ്യും. 12 മണിക്ക് കാക്കവയലും 12.30 ന് മുട്ടിലും സ്വീകരണം നല്‍കും. മുട്ടിലില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയും. കല്‍പ്പറ്റയില്‍ ഒരു മണിക്ക് എത്തുന്ന ജാഥയുടെ സ്വീകരണ യോഗം നഗരസഭാ ചെയര്‍മാന്‍ റ്റി.ജെ ഐസക്ക് ഉദ്ഘാടനം ചെയ്യും. ചുണ്ടയില്‍ 3 മണിക്ക് സ്വീകരണത്തിന് ശേഷം ജാഥ നാല് മണിക്ക് വൈത്തിരിയില്‍ സമാപി ക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അദ്ധ്യക്ഷത വഹിക്കും. വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി ജില്ലാ നേതാക്കളായ കെ.റഫീഖ്, പി.പി. ആലി, ഇ.ജെ ബാബു, പ്രശാന്ത് മലവയല്‍, റസാക്ക് കല്‍പ്പറ്റ തുടങ്ങിയവര്‍ സംസാരിക്കും. ചുരം സംരക്ഷണ സമിതി, വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ടൂറിസം കോഡിനേഷന്‍ കമ്മിറ്റി, ബസ് ഓണേഴ്‌സ് അസോസിയേഷന്‍, ലോറി ഓണേഴ്‌സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്, വനിതാ വിംഗ് വിവിധ സാമൂഹൃ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും ജാഥയോടൊപ്പം ഉണ്ടാകും.
ബുധനാഴ്ച രാവിലെ 9.30 ന് അടിവാരത്ത് നിന്ന് കോഴിക്കോട് ജില്ലയിലെ പര്യടനം ആരംഭിക്കുന്ന ജാഥ വൈകിട്ട് 4 മണിക്ക് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിക്കും.