‘മൃദുസമീപനം ഇനിയില്ല’: ഇന്ത്യക്കാരനെ കഴുത്തറുത്തു കൊന്ന കേസിൽ മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ∙ അനധികൃത ‘കുടിയേറ്റ കുറ്റവാളികളോട്’ മൃദു സമീപനം ഉണ്ടാകില്ലെന്നു മുന്നറിയിപ്പു നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കർണാടകയിൽനിന്നുള്ള ചന്ദ്രമൗലിയെ (നാഗമല്ലയ്യ–50) ക്യൂബ സ്വദേശി യോർദാനിസ് കോബോസ് മർടിനെസ് (37) കഴുത്തറുത്തു കൊന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ട്രംപ്. രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണു നടന്നതെന്നും, കുറ്റവാളിക്ക് അർഹമായ ശിക്ഷ ലഭിക്കാൻ ഉചിതമായ നിയമമാർഗങ്ങൾ ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ക്യൂബയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരന്‍ നേരത്തേയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, വാഹന മോഷണം, നിയമവിരുദ്ധമായി തടവിൽവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളിൽ അയാൾ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ, മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് അയാൾ പുറത്തിറങ്ങി. ക്യൂബയ്ക്ക് ഇങ്ങനെയൊരു ദുഷ്ടനായ ആളെ അവരുടെ രാജ്യത്ത് വേണ്ടായിരുന്നു. ഇത്തരം കുറ്റവാളികളെ യുഎസിൽ തുടരാൻ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.

വാഷിങ് മെഷീനെച്ചൊല്ലിയുള്ള തർക്കത്തിന്റെ പേരിലാണ് യുഎസിലെ ടെക്സസിൽ ഇന്ത്യൻ വംശജനായ ഹോട്ടൽ മാനേജർ ചന്ദ്രമൗലിയെ ഭാര്യയുടെയും മകന്റെയും മുൻപിൽ ജീവനക്കാരൻ കഴുത്തറുത്തുകൊന്നത്. സംഭവത്തിൽ ക്യൂബ സ്വദേശിയെ അറസ്റ്റു ചെയ്തിരുന്നു. വാഷിങ് മെഷീൻ കേടായതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലെത്തിയത്. വടിവാളുമായി ആക്രമിക്കാനെത്തിയപ്പോൾ നാഗമല്ലയ്യ ഓഫിസ് മുറിയിലേക്കോടിയെങ്കിലും പ്രതി പിന്നാലെ ചെന്നു. ഭാര്യയും പതിനെട്ടുകാരനായ മകനും തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അറുത്തെടുത്ത തല കാലുകൊണ്ട് 2 തവണ തട്ടിത്തെറിപ്പിക്കുകയും മാലിന്യപ്പാത്രത്തിൽ തള്ളുകയും ചെയ്തു.

Comments (0)
Add Comment