വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ; നൽകിയത് പി.വി.അൻവറിന്റെ മുൻ സീറ്റ്

തിരുവനന്തപുരം∙ ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനൊപ്പമാണ് രാഹുൽ സഭയിലെത്തിയത്. സിപിഎം ബന്ധം അവസാനിപ്പിച്ചതിനുശേഷം പി.വി.അൻവറിനു നൽകിയ സീറ്റാണ് ഇപ്പോൾ രാഹുലിന് നൽകിയിരിക്കുന്നത്. സഭയിൽ യുഡിഎഫ് ബ്ലോക്ക് തീർന്നതിനുശേഷം വരുന്ന അടുത്ത സീറ്റാണിത്. പുറകിലെ നിരയായതിനാൽ രാഹുൽ ഒറ്റയ്ക്കാണ് ഇരിക്കേണ്ടത്.

സ്വന്തം തീരുമാനപ്രകാരമാണു രാഹുൽ നിയമസഭയിലെത്തിയത്. നിയമസഭയിൽ വരരുതെന്ന് രാഹുലിനോട് പാർട്ടി നിർദേശിച്ചിരുന്നില്ല. സഭയിൽ വരുന്നതിന് രാഹുലിന് നിയമപരമായ തടസ്സവുമില്ല. 9.20നാണ് രാഹുൽ സഭയിലെത്തിയത്. അടൂരിലെ വീട്ടിൽനിന്ന് പുലർച്ചെയാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. എല്ലാ ദിവസവും സഭയിലെത്താനാണ് രാഹുലിന്റെ തീരുമാനം. ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലെത്തും.

ആരോപണങ്ങള്‍ക്കുശേഷം അടൂരിലെ വീട്ടിലായിരുന്നു രാഹുൽ. പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ല. മണ്ഡലവും സന്ദർശിച്ചിട്ടില്ല. ചില നേതാക്കളുമായി കൂടിയാലോചനയ്ക്കുശേഷമാണ് രാഹുൽ നിയമസഭയിലെത്തിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണങ്ങളെ തുടർന്ന് രാഹുൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചിരുന്നു.നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമായെങ്കിലും മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്കുള്ള ചരമോപചാരം മാത്രമാണ് ഇന്നത്തെ നടപടി. ഇന്നു മുതൽ 19 വരെ, 29, 30, ഒക്ടോബർ 6 മുതൽ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക.

Comments (0)
Add Comment