മാനന്തവാടി : പൊതു അവധി ദിനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ മണ്ണെടുപ്പ് നടത്തുന്നതിന് എതിരെ നടപടി ശക്തമാക്കി റവന്യു അധികൃതര്‍. താലൂക്ക് പരിധിയില്‍ അനധികൃത മണ്ണെടുപ്പ് നടത്താന്‍ ഉപയോഗിച്ച 3 മണ്ണുമാന്തി യന്ത്രങ്ങളും 2 ടിപ്പറുകളും റവന്യു അധികൃതര്‍ പിടിച്ചെടുത്തു. മാനന്തവാടി വില്ലേജ് പരിധിയിലെ ചൂട്ടക്കടവ്, അഞ്ചുകുന്ന് വില്ലേജ് പരിധിയിലെ ആറാം മൈല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവ പിടികൂടിയത്.
പൊതു അവധി ദിനമായ രണ്ടാം ശനിയാഴ്ച രാവിലെയാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മണ്ണെടുപ്പ് നടത്തിയത്. ഡപ്യൂട്ടി തഹസില്‍ദാര്‍ ചന്ദ്രലേഖ, അരുണ്‍കുമാര്‍, ബിവിന്‍ രാജ് എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. അനധികൃത മണ്ണെടുപ്പും തണ്ണീര്‍ത്തടം നികത്തലും പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം 23 നാണ് അനധികൃത മണ്ണെടുപ്പ് തടയാനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചത്. ഡപ്യൂട്ടി തഹസില്‍ദാര്‍, ജൂനിയര്‍ സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.