ചേകാടിയിലെ സ്‌കൂളിലെത്തിയ കുട്ടിയാന ചരിഞ്ഞു

കല്‍പ്പറ്റ: ആഴ്ചകള്‍ക്ക് മുന്‍പ് വയനാട്ടിലെ വനഗ്രാമമായ ചേകാടിയിലെ സ്‌കൂളിലെത്തിയ കുട്ടിയാന ചരിഞ്ഞു. സ്‌കൂള്‍ പരിസരത്തും വരാന്തയിലുമെത്തി കൗതുകം നിറച്ച കുട്ടിയാനയാണ് അണുബാധയെ തുടര്‍ന്ന് ചരിഞ്ഞത്. സ്‌കൂളില്‍ പഠനം നടന്നുകൊണ്ടിരിക്കെ മുറ്റത്തും വരാന്തയിലും ക്ലാസ് മുറികളിലുമെത്തിയ ആനക്കുട്ടി അന്ന് കൗതുമായിരുന്നു. കഴിഞ്ഞ മാസം പതിനെട്ടിനായിരുന്നു കുട്ടിയാന സ്‌കൂളിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കുട്ടിയാനയെ പിടികൂടി വെട്ടത്തൂര്‍ വനമേഖലയിലേക്ക് മാറ്റിയത്. എന്നാല്‍ കാട്ടാനകള്‍ ആനക്കുട്ടിയെ ഒപ്പം കൂട്ടാന്‍ തയ്യാറായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കാട്ടിലാക്കിയ ആനക്കുട്ടി പിന്നീട് കബനിപ്പുഴ മുറിച്ചു കടന്ന് നേരെ കര്‍ണാടകയുടെ ബൈരക്കുപ്പ പഞ്ചായത്ത് പരിധിയിലെ വനപ്രദേശങ്ങളിലേക്ക് എത്തി. ഇവിടെ കടഗദ്ദ എന്ന പ്രദേശത്ത് നിന്ന് പരിക്കേറ്റ നിലയില്‍ ആനക്കുട്ടിയെ പ്രദേശവാസികള്‍ കര്‍ണാടക വനംവകുപ്പിന് കൈമാറിയിരുന്നു. തുടര്‍ന്ന് നാഗര്‍ഹോള ടൈഗര്‍ റിസര്‍വിനകത്ത് സ്ഥിതി ചെയ്യുന്ന ആനപരിപാലന കേന്ദ്രത്തിലേക്ക് കുട്ടിയാനയെ കൊണ്ടുപോകുകയായിരുന്നു. അണുബാധയെ തുടര്‍ന്നുള്ള അവശതക്ക് പിന്നാലെയാണ് ചരിഞ്ഞത്. പരിക്കേറ്റതിനാലും കുഞ്ഞായതിനും കട്ടിയുള്ള ആഹാരങ്ങളൊന്നും നല്‍കാന്‍ കഴിയുമായിരുന്നില്ല. ഒരുമാസമായി ആട്ടിന്‍പാലും മറ്റും നല്‍കി പരിചരിക്കുന്നതിനിടെയാണ് ജീവന്‍ നഷ്ടമായത്.

Comments (0)
Add Comment