വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു

കല്‍പ്പറ്റ: മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ മരണം അടക്കം ജില്ലയിലെ കോണ്‍ഗ്രസിനെ പിടിച്ചുലച്ച വിവാദങ്ങള്‍ക്കിടെ വയനാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എന്‍ഡി അപ്പച്ചന്റെ രാജിക്കത്ത് സ്വീകരിച്ചിട്ടുണ്ട്. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ ടി ജെ ഐസക്കിന് ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കിയതായാണ് സൂചന.

ജില്ലാ മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ മരണം അടക്കം ജില്ലയിലെ കോണ്‍ഗ്രസിനെ പിടിച്ചുലച്ച് നിരവധി വിവാദങ്ങളാണ് അടുത്തിടെയുണ്ടായത്. മുള്ളന്‍കൊല്ലിയിലെ അടക്കം ഗ്രൂപ്പ് തര്‍ക്കം, പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യ തുടങ്ങിയവയും വയനാട് ഡിസിസിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

കഴിഞ്ഞദിവസം വയനാട്ടിലെത്തിയ പ്രിയങ്കാഗാന്ധി, ജില്ലാ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അടിയന്തരമായി കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം കെപിസിസി പ്രസിഡന്റ് വിളിച്ചു ചേര്‍ത്തിരുന്നു. കെസി വേണുഗോപാല്‍, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. നേതൃത്വം ജില്ലാ നേതൃത്വത്തെ ശാസിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അതൃപ്തിയും ഉടന്‍ നടപടിക്ക് പിന്നിലുണ്ടെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യം വെച്ചാണ് എന്‍ഡി അപ്പച്ചന്റെ രാജി പാര്‍ട്ടി നേതൃത്വം സ്വീകരിച്ചിട്ടുള്ളത്.

Comments (0)
Add Comment