മരിച്ച മുത്തച്ഛനേക്കുറിച്ചുള്ള സ്റ്റോറിക്ക് ചിരിക്കുന്ന ഇമോജി, തര്‍ക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

രാജ്‌കോട്ട്: തര്‍ക്കത്തിന് പിന്നാലെ സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബിഹാര്‍ സ്വദേശിയും ഗുജറാത്തിലെ രാജ്‌കോട്ടിലെ ഫാക്ടറി തൊഴിലാളിയുമായ പ്രിന്‍സ് കുമാര്‍(20) ആണ് മരിച്ചത്. സംഭവത്തില്‍ മുഖ്യപ്രതിയായ ബിഹാര്‍ സ്വദേശി ബിപിന്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാംപ്രതിയായ ബ്രിജേഷ് ഗോണ്ഡ് എന്നയാള്‍ ഒളിവിലാണ്. യുവാവ് മരിച്ചതോടെ ഇവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് പറഞ്ഞു.

പ്രിന്‍സിന്റെ ഫെയ്‌സ്ബുക്ക് സ്റ്റോറിക്ക് ബിപിന്‍ പൊട്ടിച്ചിരിക്കുന്ന ഇമോജിയിട്ട് പ്രതികരിച്ചതാണ് തര്‍ക്കത്തിനും കൊലപാതകത്തിനും കാരണമായതെന്നാണ് പോലീസ് പറയുന്നത്. നാലുമാസം മുന്‍പാണ് പ്രിന്‍സിന്റെ മുത്തച്ഛന്‍ മരിച്ചത്. അടുത്തിടെ മുത്തച്ഛനെ ഓര്‍മിച്ച് പ്രിന്‍സ് ഒരു ഫെയ്‌സ്ബുക്ക് സ്റ്റോറി പങ്കുവെച്ചിരുന്നു. ഈ സ്റ്റോറിയ്ക്കാണ് ബിപിന്‍ ചിരിക്കുന്ന ഇമോജി മറുപടിയായി നല്‍കിയത്. ഇതിനെച്ചൊല്ലി പ്രിന്‍സും ബിപിനും തമ്മില്‍ ആദ്യം ഫോണിലൂടെയും പിന്നെ നേരിട്ടും വഴക്കിട്ടു. സെപ്റ്റംബര്‍ ആദ്യത്തിലായിരുന്നു ഈ സംഭവം. ഇതിനുശേഷം സെപ്റ്റംബര്‍ 12-ാം തീയതിയാണ് ബിപിന്‍ പ്രിന്‍സ്‌കുമാറിനെ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു.

സംഭവദിവസം രാത്രി പ്രിന്‍സ്‌കുമാര്‍ ഫാക്ടറിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്നു. ഈ സമയത്താണ് ബിപിന്‍ ഇവിടേക്കെത്തിയത്. ബിപിന്‍ തന്നെ ലക്ഷ്യമിട്ട് വരുന്നതുകണ്ട് പ്രിന്‍സ് ഫാക്ടറിക്കുള്ളിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടാംപ്രതിയായ ബ്രിജേഷ് തടഞ്ഞു. തുടര്‍ന്നാണ് ബിപിന്‍ പ്രിന്‍സ്‌കുമാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. നിലവിളി കേട്ടെത്തിയ സഹപ്രവര്‍ത്തകരാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍വെച്ച് പ്രിന്‍സ് പ്രതികള്‍ക്കെതിരേ മൊഴിയും നല്‍കിയിരുന്നു. ചികിത്സയിലിരിക്കെ നാലുദിവസത്തിന് ശേഷം ആരോഗ്യനില മോശമായി. ഇതോടെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് പ്രിന്‍സ് മരിച്ചത്.

Comments (0)
Add Comment