റിസോർട്ടിൽ അതിക്രമിച്ചു കയറി മർദനം: നാല് യുവാക്കൾ അറസ്റ്റിൽ

ബത്തേരി: റിസോർട്ടിൽ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേൽപ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത യുവാക്കൾ അറസ്റ്റിൽ. പുത്തൻകുന്ന്, തെക്കുംകാട്ടിൽ വീട്ടിൽ ടി. നിഥുൻ (35), ദൊട്ടപ്പൻകുളം, നൂർമഹൽ വീട്ടിൽ, മുഹമ്മദ്‌ ജറീർ (32), കടൽമാട്, കൊച്ചുപുരക്കൽ വീട്ടിൽ, അബിൻ കെ. ബവാസ് (32), ചുള്ളിയോട്, പനച്ചമൂട്ടിൽ വീട്ടിൽ പി. അജിൻ ബേബി (32) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ അബിൻ ഒഴികെയുള്ള മൂവരും മുൻപും ക്രിമിനൽ കേസുകളിൽപ്പെട്ടവരാണ്.

22.09.2025 രാത്രിയിൽ പൂതിക്കാടുള്ള റിസോർട്ടിൽ അതിക്രമിച്ചു കയറിയാണ് ഇവർ പരാതിക്കാരനെയും സുഹൃത്തിനെയും കൈ കൊണ്ടും കമ്പി വടി കൊണ്ടും അടിച്ചു ഗുരുതര പരിക്കേൽപ്പിച്ചത്. കൂടാതെ, റിസോർട്ടിന് നാശനഷ്ടം വരുത്തുകയും ചെയ്തു. നാശനഷ്ടം, ആയുധമുപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സബ് ഇൻസ്‌പെക്ടർ എം രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Comments (0)
Add Comment