ജപ്തി ചെയ്ത് വീട് പൂട്ടി, കാൻസർ രോഗിയായ കുട്ടിയെ അടക്കം ഇറക്കിവിട്ടു; സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ ക്രൂരത

കാന്‍സര്‍ ബാധിച്ച കുട്ടി ഉള്‍പ്പെടുന്ന കുടുംബം താമസിക്കുന്ന വീട് ജപ്തി ചെയ്ത് പൂട്ടി, വീട്ടുകാരെ ഇറക്കിവിട്ട് സ്വകാര്യ ധനമിടപാട് സ്ഥാപനം. വിതുര കൊപ്പം സ്വദേശി സന്ദീപിന്റെ വീടാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനം ഉച്ചയോടെ ജപ്തി ചെയ്തത്. കാന്‍സര്‍ ബാധിച്ച കുട്ടിയുടെ മരുന്ന് അടക്കം വീടിനുള്ളിലായെന്ന് കുടുംബം പരാതിപ്പെട്ടു. തുടര്‍ന്ന് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തി പൂട്ട് തകര്‍ത്ത് വീട്ടുകാരെ അകത്ത് കയറ്റി.

2019ല്‍ സന്ദീപ് ധനകാര്യസ്ഥാപനത്തില്‍നിന്ന് 40 ലക്ഷത്തിലേറെ രൂപ വായ്പയെടുത്ത് കട തുടങ്ങിയിരുന്നു. കോവിഡ് കാലത്ത് കച്ചവടം കുറഞ്ഞതോടെ വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലായി. പലിശ മാത്രമായി 10 ലക്ഷം രൂപയോളം നല്‍കാനുണ്ട്. ഇതിനിടയില്‍ 10 വയസ്സുള്ള മകനു ക്യാന്‍സര്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സാച്ചെലവ് ഉള്‍പ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം. വീട് വിറ്റ് പണം തിരിച്ചടയ്ക്കാമെന്ന് സന്ദീപ് പറഞ്ഞെങ്കിലും അതു ചെവിക്കൊള്ളാതെയാണ് ധനകാര്യസ്ഥാപനം ജപ്തി നടപടികള്‍ സ്വീകരിച്ചത്.

കോവിഡ് പ്രതിസന്ധി മൂലമാണ് വായ്പാ തിരിച്ചടവ് വൈകിയതെന്ന് സന്ദീപ് പറഞ്ഞു. ‘‘കോവിഡ് ആയപ്പോള്‍ കടയില്‍ കച്ചവടം കുറഞ്ഞു. അതിനിടെയാണ് കുഞ്ഞിന് അസുഖം വന്ന് ആര്‍സിസിയില്‍ അഡ്മിറ്റ് ചെയ്തത്. ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ നില്‍ക്കേണ്ടി വന്നതിനാല്‍ കട തുറക്കാന്‍ പറ്റിയില്ല. പിന്നീട് കുറച്ചു പണം തിരിച്ചടച്ചു. ബാങ്കിനോടു കൂടുതല്‍ സമയം ചോദിച്ചെങ്കിലും കിട്ടിയില്ല. കുഞ്ഞിനെ വേറെ ഒരിടത്തും കൊണ്ടുപോയി കിടത്താന്‍ പറ്റാത്ത അവസ്ഥയാണ്. ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. കുറച്ചുകൂടി സാവകാശം വേണം. കുഞ്ഞിന്റെ അവസ്ഥയാണ് പ്രധാനപ്പെട്ടത്. ബാധ്യത തീര്‍ക്കാന്‍ ആറു മാസം കൂടിയെങ്കിലും സമയം കിട്ടണം’’ – സന്ദീപ് പറഞ്ഞു. ഉച്ചയ്ക്ക് ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അതു പൂര്‍ത്തിയാക്കാന്‍ പോലും തയാറാകാതെയാണ് ധനകാര്യസ്ഥാപനം വീട് പൂട്ടി കൊണ്ടുപോയതെന്ന് സ്ഥലത്തെത്തിയ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. കുഞ്ഞിന്റെ മരുന്നുപോലും എടുക്കാന്‍ സമ്മതിച്ചില്ല. ഓരോ മണിക്കൂര്‍ ഇടവിട്ട് കുഞ്ഞിന്റെ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കേണ്ടതുണ്ട്. അതിന്റെ ഉപകരണം പോലും എടുക്കാന്‍ അനുവദിച്ചില്ല. ഞങ്ങള്‍ വിവരം അറിഞ്ഞ് എത്തിയപ്പോള്‍ കുടുംബം വരാന്തയില്‍ ഇരിക്കുകയായിരുന്നു. വായ്പ ഉണ്ടെന്നു പറഞ്ഞ് രോഗിയായ കുഞ്ഞിനെ ഉള്‍പ്പെടെ പുറത്തിറക്കി വിടുന്നത് അനുവദിക്കാന്‍ കഴിയില്ല. മനുഷ്യത്വപരമായി ചിന്തിക്കാന്‍ ധനകാര്യ സ്ഥാപനം തയാറാകണം. ആവശ്യമായ സംരക്ഷണം പാര്‍ട്ടി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

Comments (0)
Add Comment