ആഡംബര കാർ വേണം,കമ്പിപ്പാര കൊണ്ട് മകൻറെ തലയ്ക്കടിച്ച് പിതാവ്

ആഡംബര കാര്‍ വേണമെന്നു പറഞ്ഞു വഴക്കുണ്ടാക്കിയ മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പിതാവ്. കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിനൊടുവില്‍ ഉന്തും തള്ളും ഉണ്ടാകുകയും പിതാവ് കമ്പിപ്പാര എടുത്ത് മകന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹൃത്വിക്ക് (22) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

പിതാവ് വിനയാനന്ദിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. വിനയാനന്ദന്റെ ഏകമകനാണ് ഹൃത്വിക്. ഒരു വര്‍ഷം മുമ്പ് വിനയാനന്ദന്‍ മകന് 17 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിക്കൊടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ മകൻ ഉപയോഗിക്കുന്നത്. ആഡംബര കാര്‍ വാങ്ങണമെന്ന് കുറച്ചു ദിവസങ്ങളായി ഹൃത്വിക്ക് പിതാവിനോടു നിരന്തരം ആവശ്യപ്പെട്ടിരുന്നു. കാര്‍ വാങ്ങാനുള്ള സാമ്പത്തികാവസ്ഥ ഇപ്പോള്‍ ഇല്ലെന്ന് വിനയാനന്ദന്‍ പറഞ്ഞെങ്കിലും അതു ചെവിക്കൊള്ളാന്‍ ഹൃത്വിക്ക് തയാറായില്ല. ഇതേച്ചൊല്ലി ഉണ്ടായ വഴക്കിനിടെ ഇയാള്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതു ചെറുക്കുന്നതിനിടെയാണ് പിതാവ് കമ്പിപ്പാര എടുത്ത് മകന്റെ തലയ്ക്കടിച്ചത്.

Comments (0)
Add Comment