കൊച്ചി: റിട്ട. ആർടി ഓഫീസ് ഉദ്യോഗസ്ഥ കെടാമംഗലം ചൂണ്ടാണിക്കാവ് ശിവശക്തി വീട്ടിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ തങ്കമണി (74) യുടെ മരണത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. അടുത്ത ബന്ധുവും സമീപവാസിയും ചേർന്ന് തങ്കമണിക്ക് വിഷം നൽകി എന്നതടക്കം ആരോപിച്ച് മകൻ ബിനോയ് പരാതിയ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
അസുഖബാധിതയായ തങ്കമണി വെള്ളിയാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. മകൻ ബിനോയ് നൽകിയ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. വഴിപാടിന്റെ പ്രസാദമെന്നു പറഞ്ഞ് അടുത്ത ബന്ധുവും സമീപവാസിയും ചേർന്ന് തങ്കമണിക്ക് നൽകിയ ഭക്ഷണത്തിൽ പലതവണയായി വിഷം ചേർത്തിരുന്നതായാണ് പരാതിയിലുള്ളത്. ആരോപണ വിധേയരാവർ ഫോണിലൂടെ വിവരങ്ങൾ കൈമാറുന്ന സംഭാഷണവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇതിൽ സാവധാനത്തിൽ വിഷം ശരീരത്തിൽ ബാധിക്കുന്നതിനെപ്പറ്റി പറയുന്നുണ്ടെന്നാണ് സൂചന. ഭക്ഷണത്തിലൂടെ വിഷാംശം നൽകിയതിനെ തുടർന്ന് ഫാറ്റിലിവറിനും അതുവഴി ലിവർ സിറോസിസിനും കാരണമായതായി പരാതിയിലുണ്ട്. തങ്കമണിുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പൊലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡിവൈഎസ്‌പി ജയകൃഷ്ണൻ പറഞ്ഞു.