പിതാവിന് ഭാര്യയുമായി ബന്ധം, എന്നെ കൊല്ലും’: മാതാപിതാക്കൾക്കെതിരെ മകൻ, പിന്നാലെ ക്ഷമ; അഖിലിന്റെ മരണത്തിൽ ദുരൂഹത

ചണ്ഡിഗഢ്∙ മകൻ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പഞ്ചാബ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ റാസിയ സുൽത്താനയുടെയും മുൻ ഡിജിപി മുഹമ്മദ് മുസ്തഫയുടെയും മകനായ അഖിൽ അഖ്തറിനെ (33) കഴിഞ്ഞ വ്യാഴാഴ്ചയാണ് പഞ്ച്കുളയിലെ വീട്ടിൽ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഈ സംഭവത്തിലാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തത്.

വ്യാഴാഴ്ച രാത്രി വൈകിയാണ് അഖിലിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ലഹരിമരുന്നിന്റെ അമിത ഉപയോഗമാണ് മരണത്തിനു കാരണമെന്ന് കുടുംബം അറിയിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ ചില മരുന്നുകൾ കഴിച്ചതിനെത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്ന് പൊലീസും പറഞ്ഞു.

∙ കുടുംബത്തെ കുറ്റപ്പെടുത്തി ആദ്യ വിഡിയോഎന്നാൽ മരണത്തിനു പിന്നാലെ, അഖിൽ റെക്കോർഡ് ചെയ്തുവച്ചിരുന്ന വിഡിയോകൾ പുറത്തുവന്നു. ഇത് അന്വേഷണത്തിന്റെ ദിശയെത്തന്നെ മാറ്റിമറിക്കുന്ന ഒന്നായി. ഓഗസ്റ്റിൽ റെക്കോർഡ് ചെയ്യപ്പെട്ടെന്നു കരുതുന്ന വിഡിയോയിൽ പിതാവിന് തന്റെ ഭാര്യയുമായി അരുതാത്ത ബന്ധമുണ്ടെന്ന് അഖിൽ ആരോപിക്കുന്നുണ്ട്. ‘‘ഇതിന്റേതായ സമ്മർദവും മാനസിക ബുദ്ധിമുട്ടും ഉണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. അവരെന്നെ വ്യാജ കേസുകളിൽ പെടുത്തുമെന്ന് എപ്പോഴും എനിക്കുതോന്നുന്നു. എനിക്കെതിരായ ഗൂഢാലോചനയിൽ അമ്മ റാസിയയ്ക്കും സഹോദരിക്കും പങ്കുണ്ട്. വ്യാജകേസിൽ ജയിലിൽ ഇടുകയോ കൊല്ലുകയോ ആണ് അവരുടെ പദ്ധതി. എന്റെ ഭാര്യയെ വിവാഹത്തിനുമുൻപുതന്നെ പിതാവിന് അറിയാമെന്നാണ് സംശയിക്കുന്നത്. ശരീരത്ത് സ്പർശിക്കാൻ ആദ്യ രാത്രിയിൽ ഭാര്യ എന്നെ സമ്മതിച്ചില്ല. അവർ എന്നെയല്ല വിവാഹം ചെയ്തത്. എന്റെ പിതാവിനെയാണ്. എനിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നത്. അവരോട് കൃത്യമായി കാര്യങ്ങൾ ചോദിക്കുമ്പോൾ അവരതിന് പല ഭാഷ്യങ്ങൾ ചമയ്ക്കും. കുടുംബം എന്നെ റീഹാബിലിറ്റേഷൻ കേന്ദ്രത്തിലേക്ക് അയച്ചു. എനിക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. ഞാൻ മദ്യപിച്ചിട്ടില്ലാത്തതിനാൽ ഈ തടവ് അന്യായമായിരുന്നു. മനോനില തെറ്റിയ ആളാണെങ്കിൽ അവർക്ക് എന്നെ ഡോക്ടറുടെ അടുത്തു കൊണ്ടുപോയാൽപ്പോരെ? പക്ഷേ, അതു ചെയ്തില്ല. എപ്പോഴും സമ്മർദമാണ്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ബാർ എക്സാം പാസായി ഞാനൊരു സംരക്ഷണ ഹർജി ഫയൽ ചെയ്യണോ? കുടുംബം എന്റെ സമ്പാദ്യവും അപഹരിച്ചു. എനിക്ക് ഭ്രാന്താണെന്ന് അവകാശപ്പെട്ട് കുടുംബത്തിന്റെ പ്രതിച്ഛായ നിലനിർത്താനാണ് അവർ ശ്രമിച്ചത്. അവർക്കെതിരെ എന്തെങ്കിലും നീക്കം നടത്തിയാൽ ബലാത്സംഗ, കൊലപാതകക്കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നെ ആരെങ്കിലും രക്ഷിക്കണം. എന്റെ മകൾ ശരിക്കും എന്റേതുതന്നെയാണോ എന്ന് ഉറപ്പില്ല’’ – ഒരു വിഡിയോയിൽ അഖിൽ പറയുന്നു.

∙ ‘എല്ലാത്തിനും ക്ഷമ ചോദിക്കുന്നു’മറ്റൊരു വിഡിയോയിൽ കുടുംബാംഗങ്ങൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തന്റെ മാനസിക പ്രശ്നങ്ങൾകൊണ്ട് പറഞ്ഞതാണെന്നും പറയുന്നുണ്ട്. ‘‘എനിക്ക് സ്കീസോഫ്രീനിയ ഉണ്ട്. കുടുംബാംഗങ്ങൾ എല്ലാവരും അങ്ങനെതന്നെയാണ്. എനിക്ക് സുഖമില്ലായിരുന്നതിനാൽ ഒന്നും മനസ്സിലായിട്ടില്ല. ഇപ്പോൾ എല്ലാം ഭേദമായിട്ടുണ്ട്. ക്ഷമ ചോദിക്കുന്നു. ഇത്രയും മികച്ചൊരു കുടുംബത്തെ കിട്ടിയതിന് ദൈവത്തിന് നന്ദി. എന്താണ് സംഭവിക്കുന്നതെന്ന് കണ്ടറിയാം’’ – ഈ വിഡിയോയിൽ അഖിൽ പറയുന്നു. അതേസമയം, ഈ വിഡിയോയിൽ അഖിലിന്റെ മുഖം കാണുന്നില്ല. എന്നാൽ ഒരിക്കൽ പ്രത്യക്ഷപ്പെടുമ്പോൾ അഖിൽ പൊടുന്നനെ ചോദിക്കുന്നു: ‘‘അവരെന്നെ കൊല്ലുമോ? അവരെല്ലാവരും നീചന്മാരാണ്.’’അതേസമയം, അഖിലിന്റെ മരണത്തിൽ ആദ്യഘട്ടത്തിൽ സംശയം തോന്നിയിരുന്നില്ലെന്ന് ഡപ്യൂട്ടി കമ്മിഷണർ സൃഷ്ടി ഗുപ്ത അറിയിച്ചു. പിന്നീടാണ് കുടുംബാംഗങ്ങൾക്കു ബന്ധമുണ്ടെന്നു കാട്ടി പരാതി ലഭിച്ചത്. അഖിലിന്റെ സമൂഹമാധ്യമ പോസ്റ്റുകളും ചില വിഡിയോകളും ഫോട്ടോകളും സംശയമുണർത്തി. അതുവച്ചാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പരാതി നൽകിയത്. കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

2017-2022 കാലത്ത് കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു റാസിയ. 2022ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ മലേർകോട്‌ല മണ്ഡലത്തിൽ പരാജയപ്പെട്ടു.

Comments (0)
Add Comment