മാനന്തവാടി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മാനന്തവാടി നഗരസഭാ ജീവനക്കാരന് മർദ്ദനമേറ്റു. ഓഫീസ് അസിസ്റ്റന്റായ രാഹുലിനാണ് (33) മർദ്ദനമേറ്റത്. സംഭവത്തിൽ ജീവനക്കാരനും യുവതിക്കുമെതിരെ പോലീസ് കേസെടുത്തു.ഇന്നലെ ഉച്ചയ്ക്ക് 1:30-ഓടെയാണ് സംഭവം. ഒഴക്കോടി സ്വദേശിനി ശോഭ ജയനും കുടുംബത്തിലെ അഞ്ച് പേരുടെ പേരുകളും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ചാണ് ഇവർ നഗരസഭയിലെത്തിയത്.
നഗരസഭാ സെക്രട്ടറിയുമായി ഇവർ സംസാരിക്കുന്നതിനിടെയുണ്ടായ തർക്കം തടയാൻ ശ്രമിച്ചപ്പോഴാണ് രാഹുലിന് മർദ്ദനമേറ്റതെന്ന് ജീവനക്കാർ പറയുന്നു.സർക്കാർ ജീവനക്കാരന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മർദ്ദിച്ചതിനും രാഹുലിന്റെ പരാതിയിൽ ശോഭ ജയനെതിരെ പോലീസ് കേസെടുത്തു. അതേസമയം, പരാതി നൽകാനെത്തിയ തന്നെ രാഹുൽ മർദ്ദിച്ചുവെന്ന് കാണിച്ച് ശോഭയും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രാഹുലിനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.