ഫ്ലോറിഡ ∙ ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഒരു മണിക്കൂറിലധികം ഫ്ലോറിഡയിലെ കടൽത്തീരത്ത് കൂടാരത്തിനടിയിൽ ഒറ്റയ്ക്കാക്കി പോയതിന് ടെക്സസിൽ നിന്നുള്ള യുവതിയും ഭർത്താവും അറസ്റ്റിലായി. ടെക്സസിലെ ഹെൽത്ത് കെയർ എക്സിക്യൂട്ടീവായ സാറ സമ്മേഴ്സ് വിൽക്സ് (37), ഭർത്താവ് ബ്രയാൻ വിൽക്സ് (40) എന്നിവരാണ് ഒക്ടോബർ 10ന് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 10ന് ഉച്ചയോടെ മിറാമാർ ബീച്ചിലെത്തിയവരാണ് ഒരു കൂടാരത്തിനടിയിൽ ആരും നോക്കാനില്ലാതെ കിടന്ന കുഞ്ഞിനെക്കുറിച്ച് പൊലീസിന് വിവരം നൽകിയത്. ദമ്പതികൾ അവരുടെ മൂത്ത മൂന്ന് കുട്ടികളോടൊപ്പം കടൽത്തീരത്ത് നടക്കാൻ പോയ സമയത്ത് ആറുമാസം പ്രായമുള്ള മകൾ കൂടാരത്തിൽ ഉറങ്ങുകയായിരുന്നു.
കുഞ്ഞ് സാധാരണയായി ആ സമയത്ത് ഉറങ്ങാറുണ്ടായിരുന്നെന്നും അതിനാൽ കുട്ടിയെ ഒറ്റയ്ക്ക് വിടുന്നതിൽ കുഴപ്പമില്ലെന്ന് കരുതിയെന്നുമാണ് ബ്രയാൻ വിൽക്സ് പൊലീസിനോട് പറഞ്ഞത്. കൂടാതെ, മൂത്ത കുട്ടികളോടൊപ്പം കടൽത്തീരത്ത് നടക്കുമ്പോൾ സമയം പോയതറിഞ്ഞില്ലെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ ശ്രദ്ധയില്ലാതെ ഉപേക്ഷിച്ചതിന് ദമ്പതികൾ നൽകിയ ഈ വിശദീകരണം വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.മാതാപിതാക്കൾ ഏകദേശം രാവിലെ 11 മണിയോടെ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ഉപേക്ഷിച്ച് പോയെന്നും, ഉച്ചയ്ക്ക് 12.06 വരെ തിരിച്ചെത്തിയില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. ഒരു മണിക്കൂറിലധികം കുഞ്ഞിനെ ആരും ശ്രദ്ധിച്ചില്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞിനെ അവഗണിച്ചു എന്ന കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയത്. 1,000 ഡോളർ ജാമ്യത്തുക കെട്ടിവച്ച ശേഷം ഇരുവരും ജയിൽ മോചിതരായി.