ഭാര്യയെന്ന് പരിചയപ്പെടുത്തി ലോഡ്ജിലെത്തിച്ചു; ശരീരമാകെ കുപ്പികൊണ്ടു കുത്തി, അറസ്റ്റ്

തിരുവനന്തപുരം∙ ആറ്റിങ്ങല്‍ മൂന്നു മുക്കിലെ ഗ്രീന്‍ലൈന്‍ ലോഡ്ജില്‍ അസ്മിനയെന്ന നാല്‍പതുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന ജോബി ജോര്‍ജിനെ ആറ്റിങ്ങല്‍ പൊലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് ജോബിയെ കണ്ടെത്തിയതെന്ന് ആറ്റിങ്ങല്‍ സിഐ അജയന്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജോബി ബസ് സ്റ്റാന്‍ഡിലെത്തി കായംകുളത്തേക്കു പോയതായി കണ്ടെത്തി. തുടര്‍ന്ന് കായംകുളത്ത് എത്തി കൂടുതല്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഇയാള്‍ കോഴിക്കോട്ടേക്കു കടന്നതായി അറിഞ്ഞത്.

പിന്നാലെ പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വടകര സ്വദേശി അസ്മിനയും ജോബിയും തമ്മില്‍ രണ്ടു മൂന്നു മാസമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അസ്മിന രണ്ടുകുട്ടികളുടെ അമ്മയാണ്. കായംകുളത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോഴാണ് ഇവര്‍ തമ്മില്‍ അടുപ്പത്തിലായത്. കഴിഞ്ഞ ദിവസം ജോബി ജോലി ചെയ്യുന്ന ആറ്റിങ്ങലിലെ ലോഡ്ജിലേക്ക് ഇവരെ കൊണ്ടുവരികയായിരുന്നു. രാത്രി മദ്യപിച്ചതിനു ശേഷം ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് ജോബി ഇവരെ കുപ്പി കൊണ്ടു കുത്തി കൊല്ലുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഒരാഴ്ച മുന്‍പാണ് ജോബി ഈ ലോഡ്ജില്‍ ജോലിക്കെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് അസ്മിനയെ ഭാര്യയെന്നു പരിചയപ്പെടുത്തി ജോബി ലോഡ്ജില്‍ കൊണ്ടുവന്നത്. ഇയാള്‍ രാത്രി ഒന്നരയോടെ യുവതിയുള്ള മുറിയിലേക്കു പോയതായി മറ്റു ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു. വൈകിട്ട് ജോബിയെ കാണാന്‍ മറ്റൊരാള്‍ ലോഡ്ജില്‍ എത്തിയിരുന്നു. ബുധനാഴ്ച രാവിലെ ഇരുവരെയും പുറത്തു കാണാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിച്ചെങ്കിലും മുറി തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്നപ്പോഴാണ് അസ്മിനയുടെ മൃതദേഹം കണ്ടത്. മുറിയില്‍ പിടിവലി നടന്നതിന്റെ സൂചനകളുണ്ടായിരുന്നു. ബീയര്‍കുപ്പി പൊട്ടി നിലയിലും കണ്ടെത്തിയിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ജോബി ലോഡ്ജില്‍നിന്നു പുറത്തേക്കു പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. അസ്മിനയുടെ ശരീരമാകെ കുപ്പികൊണ്ട് കുത്തിയ നിലയില്‍ പാടുകള്‍ കണ്ടതോടെയാണ് മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചത്. അസ്മിനയുടെ തലയിലും മുറിവുണ്ട്.

Comments (0)
Add Comment