ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയമെന്ന് സംശയം, കൊന്ന് കട്ടിലിനടിയിൽ കുഴിച്ചിട്ടു; യുവാവ് അറസ്റ്റിൽ

ലക്നൗ ∙ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ട യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലാണ് നാൽപത്തെട്ടുകാരനായ ഹരികിഷൻ അറസ്റ്റിലായത്. ഭാര്യ ഫൂലം ദേവിയെ ഒക്ടോബർ ആറിനാണ് കാണാതാവുന്നത്. ഫൂലം ദേവിയുടെ സഹോദരൻ ഒക്ടോബർ ആറിന് പൊലീസിൽ പരാതി നൽകി.

ഫൂലം ദേവിയ്ക്കായുള്ള പൊലീസ് തിരച്ചിലിനിടെ കഴിഞ്ഞ വെള്ളിയാഴ്ച യുവതിയുടെ സഹോദരൻ പ്രതിയുടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ പുതുതായി ഒരു കുഴി കുഴിച്ച ശേഷം മൂടിയത് ശ്രദ്ധയിൽ‌പ്പെട്ടതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്. പൊലീസെത്തി മുറിയിൽ കുഴിയെടുത്ത് നോക്കിയപ്പോൾ ഫൂലം ദേവിയുടെ അഴുകിയ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ആറടി താഴ്ചയിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും പ്രതി വീട്ടിൽനിന്ന് ഓടി രക്ഷപ്പെട്ടിരുന്നുവെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് രാമാനന്ദ് പ്രസാദ് കുശ്‌വാഹ പറ‌ഞ്ഞു.

സിസിടിവി കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ ഹരിയാനയിൽ കൂലിപ്പണിക്കാരനായിരുന്നു. ഒരു അവധിക്ക് തിരിച്ചെത്തിയപ്പോഴാണ് സ്ഥലത്തെ ഗുഡ്ഡു എന്നയാളുമായി ഭാര്യ പ്രണയത്തിലാണെന്ന് അറിഞ്ഞതെന്നും ഇതിലുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്നും പ്രതി കുറ്റസമ്മതം നടത്തി.

Comments (0)
Add Comment