ബെംഗളൂരു∙ ഡോ.കൃത്രിക റെഡ്ഡി കൊലക്കേസിൽ വഴിത്തിരിവ്. കൃതികയെ ഭർത്താവ് ഡോ.മഹേന്ദ്ര റെഡ്ഡി കൊന്നതിനു പിന്നിൽ സ്വത്തും പ്രധാന ഘടകമായി. കൃതികയ്ക്ക് അസുഖമുണ്ടെന്ന കാര്യം കുടുംബം മറച്ചുവച്ചതിൽ തനിക്ക് അതൃപ്തിയുണ്ടായിരുന്നെന്ന് മഹേന്ദ്ര പൊലീസിനോട് പറഞ്ഞു. വിവാഹമോചനം നേടിയാൽ സ്വത്ത് കിട്ടില്ല എന്ന് അറിയാവുന്നതിനാലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. കോടിക്കണക്കിനു രൂപയുടെ സ്വത്തുകൾ കൃത്രികയ്ക്കുണ്ട്. 15 എംഎൽ അനസ്തീസിയ മരുന്നാണ് കൃതികയുടെ ശരീരത്തിൽ കുത്തിവച്ചത്.
ഒരു വർഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. ഏപ്രിൽ 23നാണ് കൃതികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 21ന് കൃതികയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ശസ്ത്രക്രിയയ്ക്കു മുൻപ് ബോധം കെടുത്തുന്നതിനു നൽകുന്ന മരുന്ന് മഹേന്ദ്ര അമിത അളവിൽ നൽകി. വിശ്രമം ആവശ്യമാണെന്നു പറഞ്ഞ് കൃതികയെ മാതാപിതാക്കളുടെ വീട്ടിലേക്കു കൊണ്ടുപോയി. അന്നു രാത്രി തന്നെ സ്വന്തം വീട്ടിൽ തിരിച്ചെത്തി മറ്റൊരു ഡോസ് കൂടി നൽകി. കുത്തിവയ്പ്പ് നൽകിയ സ്ഥലത്ത് വേദനയുണ്ടെന്ന് കൃതിക പറഞ്ഞെങ്കിലും മഹേന്ദ്ര ആശ്വസിപ്പിച്ചു. വീണ്ടും മരുന്നു നൽകി. പിറ്റേന്നു രാവിലെ കൃതികയെ ബോധമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിച്ചു.
അനസ്തീസിയയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് അമിതമായി ഉള്ളിൽ ചെന്നതായി പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തിയത്. കൃതികയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ചോദ്യം ചെയ്യലിൽ മഹേന്ദ്ര കുറ്റം സമ്മതിച്ചു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി. ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലായിരുന്നു കൊലപാതകം.