‘എസ്ഐ 4 തവണ ബലാത്സംഗം ചെയ്തു, മാസങ്ങളായി അതിക്രമം’: കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പ്, വനിതാ ഡോക്ടർ ജീവനൊടുക്കി

മുംബൈ∙ മഹാരാഷ്ട്രയിലെ സതാറയിൽ എസ്ഐക്കെതിരെ കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പെഴുതി വനിതാ ഡോക്ടർ ജീവനൊടുക്കി. ജില്ല ആശുപത്രിയിലെ ഡോക്ടറാണ് വ്യാഴാഴ്ച രാത്രി ആത്മഹത്യ ചെയ്തത്. എസ്ഐ ഗോപാൽ ബദ്നെ തന്നെ നിരന്തരം ശാരീരികവും മാനസികവുമായ അതിക്രമത്തിന് വിധേയയാക്കുകയാണെന്നും അദ്ദേഹമാണ് തന്റെ മരണത്തിനു കാരണമെന്നും കുറിപ്പിൽ പറയുന്നു.

‘‘പൊലീസ് ഓഫിസർ ഗോപാൽ ബദ്നെയാണ് എന്റെ മരണത്തിനു കാരണം. നാലു തവണ ഇയാൾ എന്നെ ബലാത്സംഗം ചെയ്തു. അഞ്ചു മാസത്തിലേറെയായി എസ്ഐ എന്നെ ശാരീരികവും മാനസികവുമായ അതിക്രമത്തിനിരയാക്കുന്നു’’ –ഇടതു കൈവെള്ളയിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

ഫൽതാൻ ഉപജില്ല ആശുപത്രിയിലെ മെഡിക്കൽ ഓഫിസറായി പ്രവർത്തിക്കുകയായിരുന്നു ഡോക്ടർ. ജൂൺ 19ന് ഇതേ പൊലീസ് ഓഫിസർക്കെതിരെയുള്ള പരാതി ഡോക്ടർ ഡിഎസ്പിക്ക് നൽകിയിരുന്നു. രണ്ടു പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഉപദ്രവിക്കുന്നെന്നും ഇവർക്കെതിരെ നിയമനടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.

ഡോക്ടറുടെ ആത്മഹത്യയ്ക്കു പിന്നാലെ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. സംഭവം രാഷ്ട്രീയ വിവാദമായതോടെ ഭരണപക്ഷത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. സംരക്ഷിക്കേണ്ട ആളുകൾ തന്നെ വേട്ടക്കാരാവുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഡോക്ടറുടെ മരണത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് ബിജെപി പറഞ്ഞു.

Comments (0)
Add Comment