ഭാര്യയുമായി വഴക്ക്, ഇരട്ട പെൺകുട്ടികളെ കാട്ടിൽ കൊണ്ടുപോയി തീയിട്ടു കൊന്നു; പിതാവ് കീഴടങ്ങി

മുംബൈ ∙ മഹാരാഷ്ട്രയിൽ ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് രണ്ട് വയസ്സുള്ള ഇരട്ട പെൺകുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വാസീം ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം. 32 വയസ്സുകാരനായ പിതാവ് രാഹുൽ‌ ചവാൻ അറസ്റ്റിലായി. ഇയാൾ കൊലപാതകത്തിനു ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

രണ്ട് പെൺമക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് രാഹുൽ ചവാനും ഭാര്യയും തമ്മിൽ വഴക്കിട്ടത്. വഴക്കിനിടെ ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. തുടർന്ന് ചവാൻ മക്കളുമായി ഒറ്റയ്ക്ക് യാത്ര തുടർന്നു. അഞ്ചാർവാഡിയിലെ വനമേഖലയിലേക്ക് ഇരട്ടക്കുട്ടികളെ കൊണ്ടുപോവുകയും അവിടെ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ചവാൻ നേരെ വാസീം പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും കുറ്റം സമ്മതിച്ചു കീഴടങ്ങുകയുമായിരുന്നു. ഉടനടി പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് തിരിക്കുകയും കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു.

മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കൊലപാതകത്തിനു ശേഷം തെളിവുകൾ നശിപ്പിക്കാൻ ചവാൻ മൃതദേഹം തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചോ എന്ന സംശയത്തിലാണ് പൊലീസ്.

Comments (0)
Add Comment