ചെന്നൈ/ അമരാവതി ∙ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മൊൻത’ ചുഴലിക്കാറ്റ് വടക്കു–പടിഞ്ഞാറൻ ദിശയിൽ നീങ്ങിത്തുടങ്ങി. ഇന്നു രാത്രിയോടെ ആന്ധ്രയിൽ കാക്കിനടയ്ക്കു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ ചുഴലി കര തൊടുമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. കരയിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ട്. സ്ഥിതിഗതി നേരിടാൻ ആന്ധ്രയിൽ തയാറെടുപ്പ് തുടങ്ങി. ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ ശക്തിപ്പെട്ടു. ഒഡീഷയിലെ തെക്കൻ ജില്ലകളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി. ബംഗാളിലും മഴ ശക്തമായി.
കേരളത്തിൽ മഴ തുടരും; തെക്കൻ ജില്ലകളിൽ അതിശക്തമാകും
സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിലുള്ള കാറ്റും ഉണ്ടായേക്കാം.