കൊല്ലം∙ മന്ത്രവാദി തന്ന ചരടു കെട്ടാൻ തയാറാവാത്തതിന്‍റെ വൈരാഗ്യത്തിൽ ഭാര്യയുടെ ദേഹത്ത് തിളച്ച മീൻകറി ഒഴിച്ചു. കൊല്ലം ആയൂർ വഞ്ചിപെട്ടിയിലാണ് സംഭവം. റജില ഗഫൂറിനാണ് (36) പൊള്ളലേറ്റത്. ഇവരുടെ ഭർത്താവ് സജീറിനെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. സജീർ ഒളിവിലാണ്.
ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അഞ്ചൽ ഏറത്തുള്ള മന്ത്രവാദിയുടെ അടുത്ത് സജീർ പ്രശ്നപരിഹാരത്തിനായി പോയപ്പോൾ ഭസ്മവും തകിടും നൽകി. എന്നാൽ, മന്ത്രവാദത്തിൽ വിശ്വാസമില്ലെന്നു പറഞ്ഞ് റജില എതിര്‍ത്തു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. അടുപ്പിലെ തിളച്ച മീൻ കറിയെടുത്ത് സജീർ റജിലയുടെ ദേഹത്ത് ഒഴിച്ചു. കഴുത്തിലും ശരീരത്തിലും പൊള്ളലേറ്റു. റജിലയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളുമെത്തി ആയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.