വയനാട്ടിലെ സിപ്പ് ലൈൻ അപകടം എന്ന പേരിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ വയനാട് സൈബർ പോലീസ് കേസെടുത്തു. കുഞ്ഞുമായി ഒരു യുവതി സിപ്പ് ലൈനിൽ സഞ്ചരിക്കവെ ലൈൻ പൊട്ടി ഗൈഡ് താഴേക്ക് വീഴുന്നതായുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയത്. വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇത്തരമൊരു അപകടം നടന്നിട്ടില്ലെന്ന് ടൂറിസം വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.വീഡിയോയിൽ കാണുന്ന യുവതിയും കുട്ടിയും ഹെൽമെറ്റ് പോലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലാത്തതും കേബിൾ പൊട്ടിവീഴുന്ന ദൃശ്യങ്ങളിലെ അപാകതകളും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ദൃശ്യങ്ങളിലെ ‘wildeye’ എന്ന വാട്ടർമാർക്ക് പിന്തുടർന്നുള്ള അന്വേഷണത്തിൽ ഒരു കണ്ടന്റ് ക്രിയേറ്ററുടെ അക്കൗണ്ട് കണ്ടെത്തിയെങ്കിലും, പ്രചരിക്കുന്ന വീഡിയോ നിലവിൽ അതിൽ ലഭ്യമല്ലെന്നും പോലീസ് അറിയിച്ചു.