എസ്ഐആറുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇന്നാരംഭിക്കും

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെ എസ്ഐആര്‍ നടത്തിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്. ഇന്ന് എസ്ഐആറിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് ഇന്നലെ തുടക്കം കുറിച്ചിരുന്നു. രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് എസ്‌ഐആറിന് തുടക്കം കുറിച്ചത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ക്ക് നല്‍കിയാണ് എസ്ഐആറിന് തുടക്കം കുറിച്ചത്. യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. വേഗത്തിലുള്ളതും പിശകുകളില്ലാത്തതുമായ പുനരവലോകനത്തിനായി ജനങ്ങളോട് സഹകരിക്കാനും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ശക്തമായി എസ്‌ഐആര്‍ എതിര്‍ക്കുന്നതിനിടയാണ് എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. എസ്ഐആറുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പട്ടിക വിതരണം ചെയ്യുക. ബിഎല്‍ഒമാര്‍ വിതരണം ചെയ്യുന്ന ഫോം വോട്ടര്‍മാര്‍ 2003 ലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്ത് പേരുകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കണം. പേരുകള്‍ ഉണ്ടെങ്കില്‍ വോട്ടര്‍മാര്‍ മറ്റ് രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ല. ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി 8 വരെയാകും തിരുത്തലിനുള്ള സമയം. ഫെബ്രുവരി 7 നാകും അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക.

Comments (0)
Add Comment