താലിമാല, കമ്മൽ, മൂക്കുത്തി; വേറെയൊന്നും വേണ്ട, അണിഞ്ഞാൽ പിടിവീഴും; കല്യാണച്ചെലവ് കുറയ്ക്കാൻ ‘പഞ്ചായത്ത് തന്ത്രം’, വിമർശനം

ഡെറാഡൂൺ∙ വിവാഹത്തിന് ദേഹം മുഴുവൻ സ്വർണാഭരണവുമായി ഒരുങ്ങി നിൽക്കുന്ന വധു. പല കല്യാണ വീടുകളിലെയും കാഴ്ചയാണിത്. എന്നാൽ ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ കന്തർ, ഇന്ധ്രാണി വില്ലേജുകളിൽ ഇനി ഈ കാഴ്ച കാണാൻ കഴിയില്ല. വിവാഹത്തിന് കൂടുതൽ സ്വർണാഭരണങ്ങൾ അണിയുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ.

പഞ്ചായത്ത് അധികൃതരുടെ നിർദേശമനുസരിച്ച് വിവാഹിതയാകുന്ന സ്ത്രീകൾ 3 സ്വർണാഭരണങ്ങൾ മാത്രമേ ധരിക്കാൻ പാടുള്ളു. താലിമാല, മൂക്കുത്തി, കമ്മൽ ഇവ മാത്രം അണിഞ്ഞാൽ മതിയെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കൂടുതൽ ആഭരണം അണിഞ്ഞാൽ 50,000 രൂപ പിഴയടയ്ക്കണം.

ഉയർന്ന സ്വർണവില കാരണം വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിന് പല കുടുംബങ്ങളും ബുദ്ധിമുട്ടുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നാണ് അധികൃതർ പറയുന്നത്. സ്ത്രീകൾ വിഷയത്തെ സ്വാഗതം ചെയ്തെങ്കിലും പല ഇടങ്ങളിൽ നിന്നും എതിർപ്പുകൾ ഉയരുന്നുണ്ട്.

ആഭരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കുന്നവർ എന്തുകൊണ്ട് പുരുഷൻമാരുടെ മദ്യപാനം കുറയ്ക്കാനായി മുൻകൈ എടുക്കുന്നില്ലെന്ന് പലരും ചോദിച്ചു. സ്വർണം എപ്പോഴും ഭാവിയിലേക്കുള്ള കരുതലാണെന്നും വെറുതെ മദ്യം വാങ്ങി പണം കളയുന്നതിലാണ് മാറ്റം വരുത്താൻ അധികൃതർ ശ്രമിക്കേണ്ടതെന്നും നാട്ടുകാർ പറഞ്ഞു.

Comments (0)
Add Comment