രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് അണയ്ക്കുന്നതിൽ തർക്കം; സഹപ്രവര്‍ത്തകനെ ഡംബല്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്ന് യുവാവ്

ബെംഗളൂരു ∙ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ യുവാവ് സഹപ്രവര്‍ത്തകനെ ഡംബല്‍ ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചിത്രദുര്‍ഗ സ്വദേശിയായ ഭീമേഷ് (41) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിജയവാഡ സ്വദേശി സോമല വംശി (24) അറസ്റ്റിലായി.

ഡാറ്റാ ഡിജിറ്റല്‍ ബാങ്ക് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. നൈറ്റ് ഷിഫ്റ്റിനിടെ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനൊടുവില്‍ സോമല, ഡംബല്‍ കൊണ്ട് ഭീമേഷിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു പിന്നാലെ സോമല വംശി, ഗോവിന്ദ്‌രാജ് നഗര്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Comments (0)
Add Comment