കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ വേദന തിന്ന് കഴിയുമ്പോഴും ഒന്‍പത് വയസ്സുകാരി വിനോദിനി വിശ്വസിക്കുന്നത് മുറിച്ചുമാറ്റിയ ശേഷം പൊതിഞ്ഞു കെട്ടിയിരിക്കുന്നിടത്ത് തന്റെ കൈ വളർന്നുവരുമെന്നാണ്. കെട്ടഴിച്ചാല്‍ വിരലുകള്‍ പഴയപോലെ ചലിപ്പിക്കാനാവുമെന്നും തിരികെ നാട്ടിലെത്തിയാല്‍ സ്‌കൂളില്‍ പോയി പുസ്തകത്തില്‍ എഴുതാനാവുമെന്നുമാണ്. അങ്ങനെ പറഞ്ഞാണ് രക്ഷിതാക്കള്‍ വേദനയെടുത്ത് കരയുമ്പോഴെല്ലാം അവളെ ആശ്വസിപ്പിക്കുന്നത്.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനി ഇതിനകം അഞ്ച് ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. ചിലപ്പോള്‍ എന്റെ കൈ എന്ന് പറഞ്ഞു വിനോദിനി കരയും, ഇനിയും വേദനിക്കുമെന്ന് കരുതി നഴ്സുമാരെ അടുപ്പിക്കാന്‍ കൂട്ടാക്കാതിരിക്കും, ഡോക്ടര്‍മാര്‍ തൊടേണ്ടെന്ന് പറയും. കൈ വേഗം ശരിയാകേണ്ടെയെന്ന് ചോദിച്ചാല്‍ നല്ല കുട്ടിയാകും. വിരലുകള്‍ ചലിപ്പിക്കാന്‍ കാത്തിരിക്കുന്ന മകളോട് നിനക്ക് കൈയില്ലെന്ന് എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്നോ അവള്‍ക്കത് ഉള്‍ക്കൊള്ളാനാവുമെന്നോ പോലും അവര്‍ക്കറിയുകയില്ല. പഠിക്കാന്‍ മിടുക്കിയായ മകളുടെ ഭാവി എന്താകുമെന്ന ആശങ്കമാത്രമാണ് മുന്നില്‍ ബാക്കിയാവുന്നത്.
തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍; സഹായം തേടി കുടുംബംആശുപത്രിയില്‍ മരുന്ന് ഫ്രീയായി കിട്ടും. രാവിലെയും വൈകിട്ടുമെല്ലാം ഭക്ഷണം വാങ്ങണം. 32 ദിവസമായി വിനോദിനിയുടെ അച്ഛന്‍ വിനോദ് ജോലിക്ക് പോയിട്ട്. ചെറിയ രണ്ടുകുട്ടികള്‍ വീട്ടിലാണ്. 2,500 രൂപ വീട്ടുവാടക, ഓട്ടോകൂലി, കറന്റ് ബില്ല് ഇതെല്ലാം കൊടുക്കണം. ഇനിയും ഏറെനാള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നതിനാല്‍ മറ്റ് വഴിയില്ലാതെ സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.