‘വെറുതെ ഒരു കൗതുകം’: വിമാനം റൺവേയിലൂടെ നീങ്ങവെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ

ലക്നൗ ∙ വിമാനം റൺവേയിലൂടെ നീങ്ങവെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ. അകാസ എയര്‍ലൈന്‍സിന്റെ വാരാണസി-മുംബൈ ക്യുപി 1497 വിമാനത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ജോന്‍പുര്‍ സ്വദേശിയായ സുജിത് സിങ്ങാണ് പൊലീസ് കസ്റ്റഡിയിലായത്. ലാല്‍ ബഹാദൂര്‍ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം.

സുജിത് സിങ്, വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വിമാന ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കുകയും സുജിത്തിനെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൗതുകം കൊണ്ടാണ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നാണ് സുജിത് സിങ് പൊലീസിനു നൽകിയ മൊഴി. സുരക്ഷാ പരിശോധനകള്‍ക്കു ശേഷമാണ് വിമാനം പിന്നീട് പുറപ്പെട്ടത്. അപ്പോഴേക്കും ഒന്നേകാൽ മണിക്കൂറോളം വൈകിയിരുന്നു.

Comments (0)
Add Comment