വാഹനക്കടത്തിൽ അന്വേഷണത്തിന് ഭൂട്ടാൻ സർക്കാറും; അതിർത്തിയിൽ പരിശോധന ശക്തമാക്കും

ന്യൂഡൽഹി∙ ഭൂട്ടാനിൽ നിന്ന് നൂറുകണക്കിന് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്കു കടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ ഭൂട്ടാൻ സർക്കാറും. ഇന്ത്യ–ഭൂട്ടാൻ അധികൃതർ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തതായും അതിർത്തിയിൽ പരിശോധന ശക്തമാക്കാൻ ധാരണയായതുമായാണ് റിപ്പോർട്ടുകൾ. ഭൂട്ടാൻ പട്ടാള വണ്ടികൾ ഉൾപ്പെടെ ഇന്ത്യയിലെത്തിയതിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഭൂട്ടാനിലെ മുൻ സൈനിക ഉദ്യോഗസ്ഥനെ റോയൽ ഭൂട്ടാൻ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കേരളത്തിലേക്കുള്ള വാഹനക്കടത്ത് സംഭവത്തിൽ അന്വേഷണവുമായി സഹകരിക്കാൻ ഭൂട്ടാൻ അധികൃതർ തയാറെന്ന് നേരത്തെ അറിയിച്ചിരുന്നു. ഭൂട്ടാനിലെ ധനകാര്യ മന്ത്രാലയത്തിനു കീഴിലെ റവന്യൂ ആൻഡ് കസ്റ്റംസ് വിഭാഗം (ഡിആർസി) ഇന്ത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചപ്പോൾ തന്നെ ഭൂട്ടാൻ കസ്റ്റംസ് സമാന്തര അന്വേഷണം ആരംഭിച്ചിരുന്നതായാണ് വിവരം.

കൊച്ചി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ ‘നുമ്ഖോർ’ പരിശോധനയിലാണ് സമീപകാലത്തു ഭൂട്ടാനുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് പുറത്തുവന്നത്. സിനിമാ താരങ്ങൾ ഉൾപ്പെടെ ഭൂട്ടാനിൽ നിന്നു കടത്തിയ വാഹനങ്ങൾ കൈമറിഞ്ഞെത്തി ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Comments (0)
Add Comment