പ്രണയപ്പക: പെൺകുട്ടിയെ കുത്തിവീഴ്ത്തി തീകൊളുത്തി കൊന്നു; പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: തിരുവല്ലയില്‍ കവിത എന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിവീഴ്ത്തിയശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. പ്രതി കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തത്തിന് പുറമേ, 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അഡിഷനൽ ജില്ലാ കോടതി –1 ആണ് വിധി പുറപ്പെടുവിച്ചത്.

പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് അഡീഷണല്‍ ജില്ലാ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അയിരൂർ ചരുവിൽ കിഴക്കേമുറിയിൽ വിജയകുമാറിന്റെ മകൾ കവിതയാണ് കൊല്ലപ്പെട്ടത്. 2019 മാര്‍ച്ച് 12ന് തിരുവല്ലയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇടറോഡില്‍ വെച്ച് രാവിലെ 9.11 നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം.

തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ റേഡിയോളജി വിദ്യാർഥിനിയായിരുന്ന കവിതയെ പിന്തുടർന്നാണ് അജിൻ ആക്രമിച്ചത്. ഇരുവരും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ സഹപാഠികളായിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി ആദ്യം കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കവിത മരിച്ചത്.

Comments (0)
Add Comment