കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; അക്രമിയുടെ കരണത്തടിച്ച് പെൺകുട്ടി, പ്രതികരിക്കാതെ സഹയാത്രികർ

തിരുവനന്തപുരം ∙ കെഎസ്ആര്‍ടിസി ബസില്‍ വച്ച് പെണ്‍കുട്ടിക്കു നേരെ സഹയാത്രികന്‍ ലൈംഗിക അതിക്രമം നടത്തുന്നതിന്റെ വിഡിയോ പ്രചരിക്കുന്നു. വെള്ളറട ഡിപ്പോയിലെ ബസില്‍ കാട്ടാക്കട ഭാഗത്തു വച്ചാണ് സംഭവം. പെണ്‍കുട്ടിയുടെ അടുത്തിരുന്ന യാത്രക്കാരന്‍ ബാഗ് മറച്ചുവച്ച് ശരീരത്തില്‍ പിടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പകര്‍ത്തിയ പെണ്‍കുട്ടി കൈ തട്ടിമാറ്റിയ ശേഷം ബഹളം വയ്ക്കുകയും അക്രമിയെ അടിക്കുകയും ചെയ്തു.

ഇങ്ങനെയാണോ ബസില്‍ പെരുമാറുന്നതെന്നു പെണ്‍കുട്ടി ചോദിച്ചു. തന്നെ ഉപദ്രവിച്ചുവെന്നും ഇയാളെ ഇറക്കിവിടണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ആരും പ്രതികരിക്കാന്‍ തയാറായില്ലെന്ന് വിഡിയോയില്‍ കാണാം. തുടര്‍ന്ന് കണ്ടക്ടര്‍ എത്തി ബസ് നിര്‍ത്തി പെണ്‍കുട്ടിയെ ഉപദ്രവിച്ച ആളെ ഇറക്കിവിട്ടു.

പെണ്‍കുട്ടിക്കു പരാതി ഇല്ലാത്തതിനാലാണ് പൊലീസില്‍ വിവരം അറിയിക്കാതിരുന്നതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. കാട്ടാക്കട പൊലീസില്‍ ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ല. തിരുവനന്തപുരം – വെള്ളറട റൂട്ടിലെ ബസിലായിരുന്നു സംഭവം. ഇരുവരും കാട്ടാക്കടയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.

Comments (0)
Add Comment