വീണ്ടും വിര്‍ച്വല്‍ അറസ്റ്റ്: സിബിഐ ചമഞ്ഞ് ഡോക്ടറില്‍ നിന്ന് 1.30 കോടി തട്ടി, ഭുരിഭാഗവും തിരിച്ചുപിടിച്ച് പൊലീസ്

തിരുവനന്തപുരം: വിര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ മുതിര്‍ന്ന പൗരനും ഡോക്ടറുമായ എറണാകുളം സ്വദേശിയില്‍ നിന്നും തട്ടിയെടുത്ത പണം തിരികെ പിടിച്ച് കേരള പൊലീസ്. ഒരു കോടി 30 ലക്ഷം രൂപയാണ് ഡോക്ടറില്‍ നിന്നും തട്ടിപ്പുക്കാര്‍ കവര്‍ന്നത്. ഇതില്‍ ഒരു കോടി ആറ് ലക്ഷം രൂപ പൊലീസ് സൈബര്‍ വിഭാഗം ഇടപെട്ട് തിരികെ പിടിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഡോക്ടറുടെ മൊബൈല്‍ നമ്പര്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും സിബിഐ കേസ് നിലവിലുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വീഡിയോ കോളില്‍ വന്നു വിര്‍ച്വല്‍ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ച് 48 മണിക്കൂറോളം അദ്ദേഹത്തെ തടഞ്ഞ് വെയ്ക്കുകയും ചെയ്തു. തടഞ്ഞ് വെച്ച സമയത്ത് തന്നെ ഡോക്ടറെക്കൊണ്ട് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി മാറ്റുകയുയുമായിരുന്നു.

തട്ടിപ്പ് തിരിച്ചറിഞ്ഞ ഡോക്ടര്‍ ഉടന്‍ 1930 എന്ന നമ്പറില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നഷ്ടമായ തുകയില്‍ ഒരു കോടി ആറ് ലക്ഷം രൂപ തിരികെ പിടിക്കാനായെന്നും പൊലീസ് അറിയിച്ചു. മുതിര്‍ന്ന പൗരന്മാരെ കേന്ദ്രീകരിച്ചാണ് നിലവില്‍ സംസ്ഥാനത്ത് ഏറ്റവം കൂടുതല്‍ സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നത്. തട്ടിപ്പിന്റെ ഗോള്‍ഡണ്‍ അവറില്‍ തന്നെ പരാതിപ്പെട്ടാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കാന് സാധ്യത വളരെ കൂടുതലാണെന്നും അധികൃതര്‍ അറിയിച്ചു.

Comments (0)
Add Comment