വാഷിങ്ടൻ ∙ സർക്കാർ ഷട്ട്ഡൗൺ കാരണം യുഎസിൽ വിമാന സർവീസുകൾ റദ്ദാക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ ഗതാഗതം കുറയ്ക്കാനുള്ള ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പ്രകാരം വ്യാഴാഴ്ച മുതൽ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കാൻ തുടങ്ങി. ഇന്ന് സർവീസ് നടത്തേണ്ട അഞ്ഞൂറോളം വിമാനങ്ങളും വെട്ടിക്കുറച്ചു. വിമാന തടസങ്ങൾ നിരീക്ഷിക്കുന്ന വെബ്‌സൈറ്റായ ഫ്ലൈറ്റ്അവെയർ പ്രകാരം, വ്യാഴാഴ്ച ഉച്ചയോടെ റദ്ദാക്കലുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം പല വിമാനത്താവളങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്.
ന്യൂയോർക്ക്, ലൊസാഞ്ചലസ്, ഷിക്കാഗോ എന്നിവയുൾപ്പെടെ യുഎസിലുടനീളമുള്ള ഏറ്റവും തിരക്കേറിയ 40 വിമാനത്താവളങ്ങളിലെ വിമാനങ്ങൾ വെട്ടിക്കുറയ്ക്കാനാണ് ഉത്തരവ്. എന്നാൽ അതിന്റെ ആഘാതം പല ചെറിയ വിമാനത്താവളങ്ങളെയും ബാധിക്കും. വിമാന ഷെഡ്യൂളുകളിൽ 10 ശതമാനം കുറവ് വരുത്താൻ വിമാനക്കമ്പനികൾ ഘട്ടംഘട്ടമായി നടപടി സ്വീകരിക്കുമെന്നാണ് വിവരം.
യാത്രക്കാർ മുൻകൂട്ടി യാത്രാ പദ്ധതികൾ മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. വാരാന്ത്യത്തിലേക്കും അതിനുശേഷമുള്ള യാത്രകൾക്കും പദ്ധതികളുള്ള യാത്രക്കാർ തങ്ങളുടെ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതുപോലെ പുറപ്പെടുമോ എന്ന് അറിയാതെ ആശങ്കയിലാണ്.
തിരക്കേറിയ കണക്റ്റിങ് ഹബുകളായ അറ്റ്ലാന്റ, ഡെൻവർ, ഒർലാൻഡോ, മയാമി, സാൻ ഫ്രാൻസിസ്കോ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളെയും വിമാനം റദ്ദാക്കുന്നത് ബാധിച്ചു. ഡാലസ്, ഹൂസ്റ്റൺ, ഷിക്കാഗോ തുടങ്ങിയ ചില വലിയ നഗരങ്ങളിൽ ഒന്നിലധികം വിമാനത്താവളങ്ങളെ ഇത് ബാധിക്കും.