വെള്ളഷർട്ട് ധരിച്ച് വീട്ടിലെത്തും, തലയോട്ടി മാലയിടും; മന്ത്രവാദത്തിനു കൂലി 6000 രൂപ, കരച്ചിൽ മറയ്ക്കാൻ പുലിമുരുകനിലെ പാട്ട്

കോട്ടയം ∙ യുവതിയെ 10 മണിക്കൂർ ക്രൂരമായ ആഭിചാരക്രിയയ്ക്ക് വിധേയമാക്കിയ സംഭവത്തിൽ മന്ത്രവാദി ശിവദാസ് ഫീസായി വാങ്ങിയത് 6000 രൂപ. യുവതിയുടെ കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ ‘കാടണിയും കാൽച്ചിലമ്പേ കാനന മൈനേ..’ എന്ന പുലിമുരുകൻ സിനിമയിലെ പാട്ട് ഉച്ചത്തിൽ വച്ചു. ക്രൂരമായ പീഡനമാണ് യുവതി നേരിട്ടത്. ബാധ ഒഴിപ്പിക്കാനെന്ന പേരിലായിരുന്നു ആഭിചാരക്രിയ.

സംഭവത്തിൽ മന്ത്രവാദിയും യുവതിയുടെ ഭർത്താവുമടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പെരുംതുരുത്തി മാടാച്ചിറ വീട്ടിൽ ശിവദാസ് (ശിവൻ തിരുമേനി– 54), യുവതിയുടെ ഭർത്താവ് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദിയെ വീട്ടിലെത്തിച്ച അഖിലിന്റെ മാതാവും കേസിൽ പ്രതിയാണെങ്കിലും ഒളിവിലാണ്.

∙ വെള്ളഷർട്ട് ധരിച്ച് വീട്ടിലെത്തും, തലയോട്ടി മാലയിടുംകത്തിച്ചുവച്ച നിലവിളക്ക്, 3 വെറ്റില, ഒരു കുപ്പി മദ്യം, അടയ്ക്ക, മഞ്ഞൾ വെള്ളം, ചുണ്ണാമ്പ്…. 8 ദുരാത്മാക്കളെ പിടികൂടാനായി മന്ത്രവാദി ശിവദാസ് ഒരുക്കിയ സംവിധാനങ്ങൾ ഇനിയുമുണ്ട്. സമീപകാലത്തു തിയറ്ററുകളിലെത്തിയ കന്നഡ സിനിമ ‘സു ഫ്രം സോ’യുമായി സംഭവത്തിനു സമാനതകളേറെയാണ്. ആഭിചാരക്രിയകളെപ്പറ്റി പൊലീസ് പറയുന്നതു ഞെട്ടിക്കുന്ന വിവരങ്ങളാണ്.

പ്രതികാരം ചെയ്യാൻ മറ്റൊരാളുടെ ശരീരം തിരഞ്ഞെടുക്കുന്ന ദുരാത്മാക്കൾ – അത്തരമൊരു കഥയാണ് മന്ത്രവാദി ശിവദാസ് യുവതിയുടെ ഭർത്താവിന്റെ വീട്ടിൽ അവതരിപ്പിച്ചത്. ഭർത്താവുമായി വഴക്കിടുന്നതു യുവതിയല്ലെന്നും ശരീരത്തിലുള്ള ദുരാത്മാക്കളാണെന്നും ഇയാൾ കുടുംബത്തെ വിശ്വസിപ്പിച്ചു. വെള്ള മുണ്ടും ഷർട്ടും ധരിച്ച് പിൻവഴിയിലൂടെ വീട്ടിലെത്തുന്ന ഇയാൾ തലയോട്ടികളുടെ രൂപങ്ങൾ കോർത്ത മാല ധരിക്കുന്നതോടെ മന്ത്രവാദിയാകും. ഇതിനിടയിൽ ആരെങ്കിലും വന്നാൽ മാല ഊരിമാറ്റി സാധാരണ പോലെയാകും. യുവതിയുടെ ശരീരത്തിൽനിന്നു ദുരാത്മാക്കളെ പുറത്താക്കുന്നതിനായി 6,000 രൂപയാണ് ഇയാൾ വാങ്ങിയത്.

ദുരാത്മാക്കളെ ആണിയിൽ തളച്ച്, യുവതിയുടെ മുടികൊണ്ടു പിടിച്ചുകെട്ടി, പാലമരത്തിൽ തളയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി യുവതിയുടെ മുടിയിൽ ആണി ചുറ്റി വലിച്ചു പറിച്ചെടുത്തു. ഈ ആണികൾ മരക്കുറ്റിയിൽ അടിച്ചു കയറ്റി. എല്ലാവരെയും ബന്ധിച്ചെന്നും യുവതിയെ രക്ഷിച്ചെന്നും പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ മന്ത്രവാദി തളർന്നുവീണു.അഖിലിന്റെ പിതാവും കേസിലെ മറ്റൊരു പ്രതിയുമായ ദാസ് വെള്ളം തളിച്ചപ്പോൾ ഇയാൾ എഴുന്നേറ്റു. ശേഷം, നേരത്തേ വെട്ടിമുറിച്ചു വച്ചിരുന്ന കുമ്പളങ്ങയ്ക്കുള്ളിൽ പൂജയ്ക്ക് ഉപയോഗിച്ച സാധനങ്ങൾ നിറച്ചു. വീടിന്റെ നടയോടു ചേർത്തു കുഴിയെടുത്ത് മൂടി.

Comments (0)
Add Comment