സ്വവർഗ പങ്കാളിക്കൊപ്പം ചെലവിടാൻ സമയം കുറവ്, 5 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ; ഇരുവരും അറസ്റ്റിൽ

ചെന്നൈ∙ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിയും സ്വവർഗ പങ്കാളിയും ചേർന്ന് അഞ്ചു മാസം പ്രായമായ ആൺകുഞ്ഞിനെ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണു സംഭവം. സ്വകാര്യമായി ചെലവിടാൻ സമയം കുറഞ്ഞതോടെയാണ് കുഞ്ഞിനെ കൊന്നതെന്ന് ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് 26വയസ്സുകാരിയായ ഭാരതി. ഭർത്താവ് സുരേഷിനൊപ്പം ചിന്നാട്ടി ഗ്രാമത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്. അഞ്ചുമാസം പ്രായമായ ഇവരുടെ ആൺകുഞ്ഞ് നവംബർ അഞ്ചിന് മരിച്ചു. പാൽ നൽകുന്നതിനിടെ കുഞ്ഞ് അബോധാവസ്ഥയിലായി എന്നാണ് ഭാരതി ഭർത്താവിനോടു പറഞ്ഞത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

എന്നാൽ, കുഞ്ഞിന്റെ മരണത്തിൽ സുരേഷിനുണ്ടായ ചില സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭാരതിയുടെ ഫോൺ പരിശോധിച്ച സുരേഷ്, ഭാര്യയ്ക്ക് സുമിത്ര എന്ന സ്ത്രീയുമായി സ്വവർഗ ബന്ധമുള്ളതായി കണ്ടെത്തി. നാലും അഞ്ചും വയസ്സുള്ള രണ്ട് പെൺകുഞ്ഞുങ്ങൾ ഇവർക്കുണ്ട്. വീണ്ടും ഒരു കുഞ്ഞു കൂടി ആയതോടെ ഭാരതിക്കും സുമിത്രക്കും തമ്മിൽ ചെലവിടാൻ സമയം ലഭിക്കാതായി. ഇതോടെ, കുഞ്ഞിനെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.

ഭാരതിയും സുമിത്രയും തമ്മിൽ 3 വർഷമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം ഭാരതി സുമിത്രയോട് പറഞ്ഞതിന്റെ വാട്സാപ്പ് ശബ്ദ സന്ദേശം ഉൾപ്പെടെ സുരേഷ് പൊലീസിനു കൈമാറിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

Comments (0)
Add Comment