ചെന്നൈ ∙ സ്വവർഗ പങ്കാളിക്കൊപ്പം ജീവിക്കാനായി ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാരതിയും സുമിത്രയും തമ്മിൽ 3 വർഷമായി അടുപ്പം. മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. രണ്ടുപേർക്കും ഒന്നിച്ചിരിക്കാൻ സമയം തികയാതെവന്നു. ഇരുവരുടെയും ബന്ധത്തിനിടയിൽ കുട്ടി വിലങ്ങുതടിയായെന്നും ഇത് കൊലപാതകത്തിലേക്ക് നയിച്ചെന്നും ആണ് പൊലീസ് പറയുന്നത്.
കുട്ടി മരിച്ച ശേഷം ഭാരതി സന്തോഷവതിയായിരുന്നു. നിരന്തരം ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് ഭർത്താവിന്റെ സംശയത്തിനു പിന്നിലെ കാരണം. തുടർന്ന് ഭാരതിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരത്തിന്റെ ചുരുളഴിയുന്നത്.
അയൽക്കാരിയായ സുമിത്രയുമായുള്ള ഫോട്ടോകളും വിഡിയോകളും ഫോണിൽ കണ്ടെത്തി. മരിച്ച ശേഷം കുട്ടിയുടെ മൃതദേഹത്തിന്‍റെ ചിത്രമെടുത്ത് പങ്കാളിയായ 22കാരിയ്ക്ക് ഭാരതി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സംശയാസ്പദമായ തരത്തിൽ സന്ദേശങ്ങളും ഭാരതിയുടെ ഫോണിൽ ഉണ്ടായിരുന്നു. ഇതോടെ സുരേഷ് ഭാരതിയുമായി സംസാരിച്ചു. ഒടുവിൽ കുട്ടിയെ താനാണ് കൊലപ്പെടുത്തിയതെന്ന് അവർ സമ്മതിക്കുകയായിരുന്നു.
താനുമായുള്ള ബന്ധം തുടരണമെന്നും കുട്ടിയെ കൊലപ്പെടുത്താണമെന്നും ആവശ്യപ്പെട്ട് സുമിത്ര നിരന്തരം ഭാരതിയെ നിർബന്ധിച്ചിരുന്നു. ഇതേത്തുടർന്ന് മുലപ്പാൽകൊടുക്കുന്ന സമയത്ത് കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. സുരേഷ് ഫോണിൽ കുട്ടിയുടെ മരണം സംബന്ധിച്ച് ഭാരതിയോട് സംസാരിക്കുകയും ഇത് റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അവർ കുറ്റം സമ്മതിച്ചു. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് കൈ മുഖത്ത് വച്ച് മൂക്കുപൊത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാരതി പറയുന്നു.