പത്തനംതിട്ട : നാലുവയസ്സുള്ള കുട്ടിയുമായി സ്വകാര്യ ബസിന് മുന്നില്‍ ചാടി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്ത് ബസ് നിർത്തിയതിനെത്തുടർന്ന് രണ്ടുപേരും രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 9.30-ന് അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായിരുന്നു സംഭവം. റോഡരികിലൂടെ മകനുമൊപ്പം വന്നയാൾ പെട്ടെന്ന് റോഡിന്റെ മധ്യത്തിലേക്കിറങ്ങി ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അടൂര്‍-ചവറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘അശ്വിന്‍’ എന്ന ബസിന്റെ മുന്നിലായിരുന്നു ആത്മഹത്യാശ്രമം. ഡ്രൈവർ ഉണ്ണികൃഷ്ണൻ പെട്ടെന്ന് ബസ് നിർത്തിയതിനാൽ അപകടം ഒഴിവായി. സംഭവം കണ്ട് ആളുകള്‍ ഓടിക്കൂടിയതോടെ ഇയാള്‍ കുട്ടിയെയും കൊണ്ട് ഓടിപ്പോകാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ആദിക്കാട്ടുക്കുളങ്ങര സ്വദേശിയായ 45കാരനാണ് കുട്ടിയുമൊത്ത് ജീവനൊടുക്കാൻ ശ്രമിച്ചത്. ഭാര്യയ്ക്കും മകനും ഒപ്പം രാവിലെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയതാണെന്നും എന്നാല്‍, ആശുപത്രിയില്‍വെച്ച് ഭാര്യയെ കാണാതായെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഭാര്യയെ കാണാതായതിന്റെ മനോവിഷമത്തിൽ ബസിനു മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് മൊഴി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.