ന്യൂഡൽഹി∙ ചെങ്കോട്ടയുടെ പ്രധാന കവാടത്തിന്റെ വലതുഭാഗത്തായി ലാൽ കില മെട്രോ സ്റ്റേഷന്റെ നാലാം നമ്പർ ഗേറ്റിലേക്ക് എത്തുന്ന റോഡിൽ രക്തം തളംകെട്ടി കിടക്കുന്നു. കുറച്ചപ്പുറത്ത് കാറിൽനിന്ന് ഊരിത്തെറിച്ച സ്റ്റിയറിങ് വീലിനു ചുറ്റും പൊലീസുകാരൻ ബന്തവസ്സൊരുക്കുന്നു. മീഡിയനിലും റോഡിനു നടുവിൽ സിസി ടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന തൂണുകളിലും ഇലക്ട്രിക് കേബിളുകളിലും ചിതറിത്തെറിച്ച ശരീരഭാഗങ്ങളും വസ്ത്രാവശിഷ്ടങ്ങളും.
ഭയാനക ദൃശ്യങ്ങളായിരുന്നു ഇന്നലെ സ്ഫോടനം നടന്ന സ്ഥലത്തും പരിസരങ്ങളിലും കണ്ടത്. മരിച്ചവരെയും പരുക്കേറ്റവരെയും കൊണ്ടുപോയ വഴിയാകെ ചോരയിൽ കുതിർന്നു കിടക്കുന്നു. ചോരയിൽ കുതിർന്ന ഒരു കൈപ്പത്തി കാൽച്ചുവട്ടിൽ വന്നു വീണതിന്റെ ഞെട്ടൽ വിട്ടുമാറാതെ നിൽക്കുകയാണ് അമിത് മുദ്ഗൽ. സ്ഫോടന ശബ്ദം കേട്ട് പേടിച്ചരണ്ട് റോഡിൽ കുനിഞ്ഞിരിക്കുമ്പോഴാണു കാൽച്ചുവട്ടിൽ എന്തോ പതിച്ചത്. ഗതാഗതക്കുരുക്ക് പതിവായ സ്ഥലത്തായിരുന്നു സ്ഫോടനം. തൊട്ടടുത്ത മെട്രോ സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്കു കൂടുന്ന സമയം. റോഡിനപ്പുറം മാർക്കറ്റിലും പതിവു തിരക്ക്.
സ്ഫോടനം നടന്ന റോഡിനപ്പുറം ഓൾഡ് ലജ്പത് റായ് മാർക്കറ്റിനു മുന്നിൽ പാനിപുരി കട തുറന്നു കച്ചവടത്തിനുള്ള ഒരുക്കത്തിലായിരുന്നു ചന്ദൻ യാദവ്. ഉന്തുവണ്ടി തള്ളി മാർക്കറ്റിന്റെ മുന്നിലേക്കെത്തിയതും വൻ ശബ്ദം കേട്ട് ഞെട്ടി. നോക്കുമ്പോൾ റോഡിന് എതിർവശം തീയാണു കണ്ടത്. പിന്നാലെ മറ്റൊരു പൊട്ടിത്തെറി കൂടി കേട്ടു. ആളുകൾ നാലുപാടും ചിതറിയോടി. ചന്ദനും ജീവനുംകൊണ്ടു പാഞ്ഞു. ‘വലിയ ശബ്ദത്തിനു പിന്നാലെ ആകാശം മുട്ടെ ഉയർന്ന തീനാളങ്ങളാണ് കണ്ടത്. പരിസരമാകെ പുക മൂടി.’– ചന്ദൻ പറഞ്ഞു. ഒരു തവണയാണു സ്ഫോടനശബ്ദം കേട്ടതെന്നു മറ്റു ചിലർ പറയുന്നു. ഏകദേശം ഒരു കിലോമീറ്റർ അകലെ ജുമാ മസ്ജിദിനു സമീപത്തും പ്രകമ്പനം അനുഭവപ്പെട്ടതായി ഉന്തുവണ്ടിയിൽ പലഹാരങ്ങൾ വിൽക്കുന്ന മനോജ് പറഞ്ഞു.