ഓടയില്‍ എട്ട് കുഞ്ഞുങ്ങളുടെ അസ്ഥികൂടങ്ങള്‍, നിഥാരി കൂട്ടക്കൊലക്കേസ് പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച നിഥാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ അവസാന കേസിലും കുറ്റവിമുക്തനാക്കി സുപ്രീംകോടതി. നിഥാരി പരമ്പര കൊലപാതകങ്ങളില്‍ 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലാണ് സുരേന്ദ്ര കോലിയെ ഇന്ന് കോടതി കുറ്റവിമുക്തനാക്കിയത്. ചീഫ് ജസ്റ്റിസ് ആര്‍ ബി ഗവായ്, ജസ്റ്റിസുമാരായ സൂര്യ കാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കോലിയെ ഉടന്‍ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ നിഥാരി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളില്‍ നിന്നും കോലി കുറ്റവിമുക്തനായി.

2006 ഡിസംബറില്‍ കോലി ജോലി ചെയ്തിരുന്ന, വ്യവസായിയായ മൊനീന്ദര്‍ സിങ് പാന്ഥര്‍ എന്നയാളുടെ വീടിന്റെ ഓടയില്‍നിന്ന് എട്ട് കുഞ്ഞുങ്ങളുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതോടെയാണ് നിഥാരി കൊലപാതകങ്ങള്‍ ലോകമറിയുന്നത്. മൊനീന്ദറിന്റെ വീട്ടില്‍ നിരവധി കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മൊനീന്ദറിന്റെ വീടിനടുത്തുള്ള അഴുക്കുചാലില്‍ നിന്ന് തലയോട്ടി ഉള്‍പ്പെടെയുള്ള 19 അസ്ഥികൂടങ്ങളാണു പൊലീസിനു ലഭിച്ചത്. അസ്ഥികൂടങ്ങളിലൊന്ന് കാണാതായ പത്തുവയസ്സുകാരിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൊനീന്ദറും കോലിയും അറസ്റ്റിലായി. കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറി. നിരവധി കുട്ടികളെ കാണാതായ വിവരം അറിയിച്ചിട്ടും നടപടിയെടുക്കാത്തതിന് രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.ചണ്ഡീഗഡ് സ്വദേശിയായ വ്യവസായിയാണ് മൊനീന്ദര്‍ സിങ് പാന്ഥര്‍. ഇയാള്‍ക്ക് നോയിഡ സെക്ടര്‍ രണ്ടില്‍ വ്യാപാര സ്ഥാപനമുണ്ടായിരുന്നു. ഇവിടെ എത്തുമ്പോള്‍ താമസിക്കാനാണ് നോയിഡ സെക്ടര്‍ 31ലെ ഡി ബ്ലോക്കില്‍ അഞ്ചാം നമ്പര്‍ വീട് വാങ്ങിയത്. അവിടെ കോലിയെ ജോലിക്കാരനായും നിയമിച്ചു. ഈ വീടിന് അടുത്താണ് നിഥാരി ഗ്രാമം. ഗ്രാമത്തിലെ കുട്ടികളെയും യുവതികളെയും നോയിഡയിലേക്കു തട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരാവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി റഫ്രിജറേറ്ററില്‍ സൂക്ഷിക്കുകയും പിന്നീട് ഇവ തൊട്ടടുത്തുള്ള അഴുക്കുചാലിലേക്കു തള്ളുകയുമായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ശരീരഭാഗങ്ങള്‍ മുറിച്ച് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്നെന്നും കോലി പ്രത്യേക മാനസിക രോഗത്തിന് അടിമയാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തുടര്‍ന്ന് ഗാസിയാബാദ് പ്രത്യേക സിബിഐ കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചു. എന്നാല്‍ 2023 ഒക്ടോബറില്‍ 12 കൊലപാതകക്കേസുകളില്‍ കോലിയെയും രണ്ട് കേസുകളില്‍ മൊനീന്ദറിനെയും അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കി. ആകെ 13 കൊലപാതകക്കേസുകളാണ് കോലിക്കെതിരെ ചുമത്തിയിട്ടുള്ളത്. 13ാമത്തെ കേസിലും കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് കോലിക്ക് പുറത്തിറങ്ങാനുള്ള വഴി തെളിയുന്നത്.

Comments (0)
Add Comment