അമിത നികുതി: അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം ശക്തമാകുന്നു; യാത്രക്കാർ ദുരിതത്തിൽ

ചെന്നൈ: അയൽ സംസ്ഥാനങ്ങൾ അമിത നികുതി ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്വകാര്യ ബസുടമകൾ ആരംഭിച്ച സമരം കൂടുതൽ ശക്തമാകുന്നു. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അന്തർ സംസ്ഥാന സർവീസുകൾ തിങ്കളാഴ്ച മുതൽ പൂർണമായും നിർത്തിവെച്ചു. ഇതോടെ വിവിധ നഗരങ്ങളിലേക്കുള്ള യാത്രക്കാർ കടുത്ത ദുരിതത്തിലായി.ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ബസുകളിൽ നിന്ന് റോഡ് നികുതിക്ക് പുറമെ ഓരോ സംസ്ഥാനവും പ്രത്യേകമായി ഉയർന്ന നികുതി ഈടാക്കുന്നതാണ് ബസുടമകളുടെ പ്രതിഷേധത്തിന് കാരണം. മൂന്നു മാസത്തേക്ക് ഓൾ ഇന്ത്യ പെർമിറ്റിനായി 90,000 രൂപ അടയ്ക്കുന്ന ഒരു ബസ്, തമിഴ്‌നാട്ടിൽ മാത്രം ഒന്നര ലക്ഷം രൂപ റോഡ് നികുതിയായി നൽകണം. ഇതിനുപുറമെ, കേരളം പോലുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ വീണ്ടും ലക്ഷങ്ങൾ നൽകേണ്ടി വരുന്നു. ഇത് വലിയ സാമ്പത്തിക ബാധ്യതയാണെന്ന് ഉടമകൾ പറയുന്നു.ഓരോ സംസ്ഥാനത്തിനും പ്രത്യേകം നികുതി നൽകുന്നത് ഒഴിവാക്കാൻ കേന്ദ്രം ഏകീകൃത പെർമിറ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന് തമിഴ്‌നാട് ഓംനി ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ. അൻപഴകൻ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിൽ നിന്നുള്ള ബസുകൾ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സമരം ആരംഭിച്ചിരുന്നു. തിങ്കളാഴ്ചയോടെ ദക്ഷിണേന്ത്യയിലെ എട്ട് ബസുടമ സംഘടനകൾ കൂടി പണിമുടക്കിൽ പങ്കുചേർന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

Comments (0)
Add Comment