കൊച്ചി: ഭർത്താവ് പരിപാലിക്കുന്നുണ്ടെങ്കിൽ പോലും, അമ്മയ്ക്ക് മക്കളിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി. അമ്മയ്ക്ക് സ്വന്തമായി വരുമാനമില്ലാതിരിക്കുകയും ഭർത്താവ് നൽകുന്ന പിന്തുണ അപര്യാപ്തമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ മക്കൾ നിയമപരമായി ജീവനാംശം നൽകാൻ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.അമ്മയ്ക്ക് പ്രതിമാസം 5,000 രൂപ ജീവനാംശം നൽകണമെന്ന കുടുംബകോടതി ഉത്തരവിനെതിരെ മലപ്പുറം സ്വദേശി നൽകിയ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സുപ്രധാന വിധി.തന്റെ അമ്മയെ മത്സ്യത്തൊഴിലാളിയായ അച്ഛൻ നോക്കുന്നുണ്ടെന്നും, അമ്മ കന്നുകാലികളെ വളർത്തി വരുമാനം നേടുന്നുണ്ടെന്നുമായിരുന്നു മകന്റെ വാദം. എന്നാൽ ഈ വാദങ്ങൾ തള്ളിയ കോടതി, സമ്പന്നനായ മകൻ പ്രായമായ അമ്മയോട് ഉപജീവനത്തിനായി കന്നുകാലികളെ വളർത്താൻ പറയുന്നത് ദൗർഭാഗ്യകരവും അനുചിതവുമാണെന്ന് നിരീക്ഷിച്ചു.