തിരുവനന്തപുരം∙ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. നാലുദിവസത്തിനകം കാലവർഷം എത്തും.
സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നദിക്കരകളിലും മണ്ണിടിച്ചിലിനു സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കൊല്ലം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ കടലാക്രമണത്തിനു കാരണമായേക്കാവുന്നതിനാൽ മീൻപിടിത്തക്കാരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.