അമ്പലവയൽ: തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്പലവയൽ പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയം കൗതുകമാകുന്നു. ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത വാർഡുകളിൽ ഭർത്താവും ഭാര്യയുമാണ് ഇത്തവണ സിപിഎമ്മിനായി ജനവിധി തേടുന്നത്.എടക്കൽ നഗർ സ്വദേശികളായ രഘുവും ഭാര്യ നിഷ രഘുവുമാണ് തിരഞ്ഞെടുപ്പ് ഗോദയിലുള്ളത്. രഘു അമ്പലവയൽ പഞ്ചായത്തിലെ ആറാം വാർഡിലും, നിഷ രഘു എട്ടാം വാർഡിലുമാണ് മത്സരിക്കുന്നത്.ഈ രണ്ട് വാർഡുകളും പട്ടികവർഗ (എസ്ടി) സംവരണമായതോടെയാണ് കുറുമ സമുദായത്തിൽ നിന്നുള്ള ഈ ദമ്പതികളെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. ഇരുവരും സജീവ പാർട്ടി പ്രവർത്തകരാണ്. വ്യക്തിബന്ധങ്ങളും പാർട്ടി വോട്ടുകളും ഒരുപോലെ സമാഹരിച്ച് വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ഒരേ പഞ്ചായത്തിൽ ദമ്പതികൾ ഒരുമിച്ച് വിജയിക്കുമോ എന്ന ആകാംഷയിലാണ് അമ്പലവയലിലെ വോട്ടർമാർ.